ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ബിജെപി നേതാവ് ദിനേഷ് ത്രിവേദിയെ നിയമിച്ചു

Published : Apr 27, 2026, 08:00 PM IST
Dinesh Trivedi

Synopsis

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. ബംഗ്ലാദേശുമായുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനായ നേതാവിനെ നിയമിച്ചത്. പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് ദിനേഷ് ത്രിവേദി ചുമതലയേൽക്കുന്നത്.

ദില്ലി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. വിദേശകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ച നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇദ്ദേഹം ഉടൻ തന്നെ ധാക്കയിൽ എത്തി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഹൈക്കമ്മീഷണറായ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് ദിനേഷ് ത്രിവേദി ചുമതലയേൽക്കുന്നത്. പ്രണയ് വർമ്മയെ ബെൽജിയത്തിലെയും യൂറോപ്യൻ യൂണിയനിലെയും ഇന്ത്യൻ അംബാസഡറായി കേന്ദ്ര സർക്കാർ നിയമിച്ചു.

സാധാരണ ഐഎഫ്എസ് ഓഫീസർമാരെയാണ് ഹൈക്കമ്മീഷണർമാരായി നിയമിക്കാറുള്ളത്. എന്നാൽ ഇവിടെ ബംഗ്ലാദേശുമായുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധം പഴയതുപോലെ ശക്തമാക്കുകയെന്ന ലക്ഷ്യമാണ് രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനായ നേതാവിനെ നിയമിക്കാനുള്ള കാരണമെന്ന് വിലയിരുത്തുന്നു. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ മന്ത്രിയായും ആരോഗ്യ വകുപ്പ് സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദിനേഷ് ത്രിവേദിയുടെ നിയമനം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 1974 ൽ എംബിഎ ബിദുരം നേടിയ ശേഷം അദ്ദേഹം ചിക്കാഗോയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് വന്നു. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കാലത്ത് 1980-ൽ കോൺഗ്രസിൽ ചേർന്നു. 1984-ൽ ജോലി മതിയാക്കി. കൊൽക്കത്തയിൽ സ്വന്തം സംരംഭം തുടങ്ങി. 1990 ൽ ജനതാദളിൽ ചേർന്നു. 1998-ൽ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറി. 2009 ൽ രാജ്യസഭാംഗമായ ശേഷം കേന്ദ്ര സഹ മന്ത്രിയായി. 2011 ൽ അണ്ണാ ഹസാരെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജിക്ക് തയ്യാറായി. എന്നാൽ മമത ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകാൻ രാജിവെച്ച ഒഴിവിൽ കേന്ദ്ര റെയിൽവെ മന്ത്രിയായി. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷം ബംഗാളിൽ നിന്ന് വീണ്ടും രാജ്യസഭയിലെത്തിയെങ്കിലും അധികം വൈകാതെ രാജിവച്ച് പാർട്ടി വിട്ടു. ഇതിന് ശേഷമാണ് ബിജെപിയിൽ ചേർന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബിജെപിയിൽ ചേരുന്നതിന് മുമ്പ് രാഘവ് ഛദ്ദ തന്നെ ചായക്ക് ക്ഷണിച്ചു, സംസാരിക്കാമെന്ന് പറഞ്ഞു, പക്ഷേ ഞാൻ പാർട്ടിക്കൊപ്പം': ബൽബിർ സിങ് എംപി
പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം