ദീപം തെളിയിക്കല്‍: യുപിയില്‍ ബിജെപി വനിതാ നേതാവ് റോഡിലിറങ്ങി വെടിയുതിര്‍ത്തു, വിവാദമായതോടെ മാപ്പപേക്ഷ

By Web TeamFirst Published Apr 6, 2020, 4:15 PM IST
Highlights

ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂര്‍ ജില്ലയില്‍ ബിജെപി മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ മഞ്ജു തിവാരിയാണ് റോഡിലിറങ്ങി വെടിയുതിര്‍ത്തത്. സംഭവം വിവാദമായതോടെ നേതാവ് മാപ്പ് ചോദിച്ച് രംഗത്ത് വന്നു.

ലക്‌നൗ: കൊറോണ വൈറസ് പടര്‍‌ന്നുപിടിക്കുന്നതിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മണിക്ക് എല്ലാവരും ലൈറ്റുകളണച്ച് ചെറു ദീപങ്ങള്‍ തെളിയിക്കണമന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍കൊണ്ട് രാജ്യമെമ്പാടും ജനങ്ങള്‍ വിളക്കുകള്‍ തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുകയും പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്തത് വാര്‍ത്തായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വനിതാ നേതാവ് പ്രധാനമന്ത്രിയുടെ വിളക്ക് കത്തിക്കല്‍ ആഹ്വാനം സ്വീകരിച്ചത് റോഡിലിറങ്ങി തോക്കുപയോഗിച്ച് വെടിയുതിര്‍ത്താണ്, 

ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂര്‍ ജില്ലയില്‍ ബിജെപി മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ മഞ്ജു തിവാരിയാണ് റോഡിലിറങ്ങി വെടിയുതിര്‍ത്തത്. വീട്ടില്‍ വിളക്ക് കത്തിച്ച മഹിളാ മോര്‍ച്ച പ്രസിഡന്റ് പിന്നീട് റിവോള്‍വറെടുത്ത് പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങി വെടിവച്ചതിന്റെ വീഡിയോയും ബിജെപി വനിതാ നേതാവ് മഞ്ജു തിവാരി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‍ലോഡ് ചെയ്തു. വീടിന്റെ മേല്‍ക്കൂരയിലെക്ക് റിവോള്‍വറില്‍ നിന്ന് മഞ്ജു തിവാരി വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ദൃശ്യം വൈറലായതോടെ പ്രതിപക്ഷം സംഭവം വിവാദമാക്കിയിരിക്കുകയാണ്.    

Here's how BJP Balrampur UP Mahila Morcha District President lit candles and killed corona yesterday. pic.twitter.com/zILFKdcVfG

— Hasiba Amin 🌈 (@HasibaAmin)

അടച്ചുപൂട്ടല്‍ സമയത്ത്  അനാവശ്യമായി ഭര്‍ത്താവിനൊപ്പം പുറത്തിറങ്ങിയതും വെടിവയ്പ്പ് നടത്തിയതും നിയമപരമായ കുറ്റമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബിജെപിയുടെ വനിതാ നേതാവ് ഉപയോഗിച്ച തോക്ക് ലൈസന്‍സ് ഉള്ളതാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഓംപ്രകാശ് തിവാരിയുടെ ലൈസന്‍സുള്ള റിവോള്‍വറാണ് ബിജെപി വനിതാ നേതാവ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ജു തിവാരി തോക്കുപയോഗിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ മഞ്ജു തിവാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ടന്‍റ്  ദേവ് രഞ്ജന്‍ വര്‍മ്മ പറഞ്ഞു. വീഡിയോ വിവാദമായതിന് പിന്നാലെ മഞ്ജു തിവാരി സംഭവത്തില്‍ മാപ്പ് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജില്‍ അപ്‍ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വനിതാ നേതാവ് മാപ്പ് പറഞ്ഞത്.

click me!