
ദില്ലി : പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. പക്ഷെ തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി പറഞ്ഞു. നാഗ് പൂരില്‍ മാധ്യമ പുരസ്കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്‍റെ പേരോ സന്ദര്‍ഭമോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
നിലവിൽ മൂന്നാം മോദി മന്ത്രിസഭയിലെ അംഗമാണ് നിതിൻ ഗഡ്കരി. നിതീഷ് കുമാറിന്റെയും നവീൻ പട്നായിക്കിന്റെയും അടക്കം പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിൽ തുടരുന്നത്. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന നിതീഷ് കുമാറടക്കം മറുകണ്ടം ചാടിയതോടെയാണ് മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ഇതിനിടെ ഗഡ്കരിയുടെ വാക്കുകൾ വീണ്ടും വിവാദമാകുകയാണ്. നാഗ്പൂരിൽ മാധ്യമ അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു തനിക്ക് പ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഏപ്പോഴാണ് ഇത് നടന്നതെന്നോ ഏത് പാർട്ടിയുടെ നേതാവാണ് പറഞ്ഞതെന്നോ ഗഡ്കരി വിശദീകരിച്ചില്ല.
ബിജെപിക്ക് ഒറ്റയ്ക്ക് സംഖ്യ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ നരേന്ദ്ര മോദിയെ മാറ്റി നിറുത്താനുള്ള നീക്കം നടന്നോ എന്നതാണ് ഉയരുന്ന ഒരു സംശയം. രാജ്നാഥ് സിംഗോ, നിതിൻ ഗഡ്കരിയോ പ്രധാനമന്ത്രിയായാൽ പിന്തുണയ്ക്കണം എന്ന നിലപാട് ചില പ്രാദേശിക കക്ഷി നേതാക്കൾക്കുണ്ടായിരുന്നു. ഇതിൻറെ ഭാഗമായിരുന്നോ നീക്കമെന്നാണ് അറിയേണ്ടത്. അതല്ലെങ്കിൽ 2014 ന് മുമ്പേ ഗഡ്കരിക്ക് ഈ വാഗ്ദാനം ആരെങ്കിലും നല്കിയിരിക്കാനേ ഇടയുള്ളു.
തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മോദിക്ക് ഒളിയമ്പുമായി ഗഡ്കരി നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പദവികളോട് താല്പര്യമില്ലെന്ന ഗഡ്കരി പറയുമ്പോഴും പ്രധാനമന്ത്രി പദത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കിൽ തൻറെ പേരും ഈ പ്രസ്താവനയിലൂടെ ഗഡ്കരി മുന്നോട്ടു വച്ചിരിക്കുകയാണ്.
2 എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിൽ; വിവരങ്ങൾ ചോർന്ന് കിട്ടിയതിന് പി വി അൻവറിന് പൊലീസ് സഹായം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam