
ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നിർണ്ണായക വിജയം നേടിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാഹുൽ ഗാന്ധിക്ക് നേരിട്ട 95 തിരഞ്ഞെടുപ്പ് പരാജയങ്ങൾ അടയാളപ്പെടുത്തിയ ഒരു ഭൂപടം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസം ശക്തമാക്കിയത്. 2004 മുതൽ 2025 വരെയുള്ള കാലയളവിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംസ്ഥാന ഭരണം നഷ്ടപ്പെട്ടതോ നേട്ടങ്ങളുണ്ടാക്കാൻ കഴിയാതിരുന്നതോ ആയ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടുത്തിയ ഗ്രാഫിക് ഇമേജ് അദ്ദേഹം പോസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി! വീണ്ടുമൊരു തിരഞ്ഞെടുപ്പ്, വീണ്ടുമൊരു തോൽവി! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാർഡുകൾ നൽകുകയാണെങ്കിൽ, അദ്ദേഹം എല്ലാം സ്വന്തമാക്കും എന്നായിരുന്നു മാളവ്യ പരിഹസിച്ചത്.
രാഹുൽ ഗാന്ധി പാർട്ടിയുടെ പ്രധാന പ്രചാരകരിൽ ഒരാളായതിന് ശേഷം കോൺഗ്രസ് പരാജയപ്പെട്ട 95 മത്സരങ്ങൾ പട്ടികപ്പെടുത്തിയ ഒരു ഭൂപടവും അദ്ദേഹം പങ്കുവെച്ചു. ഹിമാചൽ പ്രദേശ് (2007, 2017), പഞ്ചാബ് (2007, 2012, 2022), ഗുജറാത്ത് (2007, 2012, 2017, 2022), മധ്യപ്രദേശ് (2008, 2013, 2018, 2023), മഹാരാഷ്ട്ര (2014, 2019, 2024) എന്നിവയുൾപ്പെടെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവികൾ ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജനതാദൾ (യുണൈറ്റഡ്) ഉൾപ്പെടുന്ന ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം ഉജ്ജ്വല വിജയം കൈവരിച്ചു. 243 സീറ്റുകളിൽ 202 സീറ്റുകളിൽ എൻഡിഎ വിജയം കണ്ടു. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റിനേക്കാൾ വളരെ കൂടുതലാണിത്. 90 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെ.ഡി.(യു) 84 സീറ്റും നേടി. ആർജെഡി , കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷ മഹാസഖ്യം 35 സീറ്റുകളിലാണ് നേടിയത്. മറ്റുള്ളവര്‍ അഞ്ച് സീറ്റും നേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam