
ദില്ലി: തന്‍റെ കുടുംബം ശ്രീരാമന്‍റെ പിന്‍ഗാമികളെന്ന അവകാശവാദവുമായി ബിജെപി എംപി. ജയ്പൂര്‍ രാജകുടുംബാംഗവും രാജസ്ഥാനിലെ എംപിയുമായ ദിയാ കുമാരിയാണ് തന്‍റെ കുടുംബം ശ്രീരാമന്‍റെ മകന്‍ കുശന്‍റെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടാണ് ദിയാകുമാരി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അയോധ്യക്കേസ് വാദത്തിനിടെ, ശ്രീരാമന്‍റെ വംശമായ രഘുവംശത്തില്‍പ്പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടങ്ങുന്ന ബെഞ്ച് കൗതുകപൂര്‍വം ചോദിച്ചിരുന്നു.
സുപ്രീം കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ശ്രീരാമന്‍റെ പിന്‍ഗാമികളാണെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയത്. 'ശ്രീരാമന്‍റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. എന്തെങ്കിലും താല്‍പര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നത്. വിവാദ ഭൂമിയില്‍ യാതൊരു അവകാശ വാദവും ഉന്നയിക്കില്ല. നിയമ യുദ്ധത്തിലും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന സത്യമാണ് ഞാന്‍ പറഞ്ഞത്'.- ദിയാകുമാരി പറഞ്ഞു.
ജയ്പുര്‍ സിറ്റി പാലസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളിലെ അവകാശവാദമനുസരിച്ച് നിലവിലെ ജയ്പുര്‍ രാജാവായ പത്മനാഭ് സിംഗ് ശ്രീരാമന്‍റെ മകനായ കുശന്‍റെ 309ാം തലമുറയാണ്. അയോധ്യയിലെ തര്‍ക്കഭൂമി കുശന്‍റെ പിന്‍ഗാമികളായ കച് വഹാസിന്‍റെ ഉടമസ്ഥതയിലായിരുന്നുവെന്ന് രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ ചരിത്രവിഭാഗം തലവന്‍ അന്തരിച്ച ആര്‍ നാഥ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി കത്തുകള്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് എഴുതുകയും ചെയ്തിരുന്നു. അതേസമയം, ശാസ്ത്രീയമായ യാതൊരു തെളിവുമില്ലാത്ത വാദങ്ങളാണ് ഇതെന്ന് ഭൂരിഭാഗം ചരിത്ര പണ്ഡിതരും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam