'രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി, പ്രതിപക്ഷ നേതാവ് പദവിക്ക് ചേരാത്ത പ്രവർത്തി'; രൂക്ഷവിമർശനവുമായി ബിജെപി അധ്യക്ഷൻ

Published : Jul 21, 2026, 11:34 PM IST
nitin nabin

Synopsis

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വിമർശിച്ചു. നീറ്റ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ കോൺഗ്രസ് പ്രക്ഷോഭം മുൻ നിർത്തിയാണ് ബി ജെ പി അധ്യക്ഷന്‍റെ വിമർശനം. രാഹുൽ ഗാന്ധിയുടെ നിലവിലെ പ്രവർത്തനങ്ങൾ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിക്ക് ഒട്ടും ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. നീറ്റ് ചോർച്ച ഉൾപ്പെടെ പാർലമെന്റിൽ ഉയർന്നുവരുന്ന ഏത് വിഷയത്തിലും തുറന്ന ചർച്ചയ്ക്കും സംവാദത്തിനും കേന്ദ്ര സർക്കാർ എപ്പോഴും തയ്യാറാണ്. എന്നാൽ ചർച്ചക്ക് മുന്നേ അരാജകത്വ പ്രക്ഷോഭം നയിക്കുന്ന രാഹുൽ ഗാന്ധിയുടെ ശൈലി രാജ്യത്ത് അസ്വസ്ഥതയ്ക്കിടയാക്കുന്നു എന്നും നിതിൻ നബീൻ കുറ്റപ്പെടുത്തി. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ ശക്തമായി ഉറച്ചു നിൽക്കുമെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. നേരത്തെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭ സ്ഥലത്തെത്തി അനുനയ ചർച്ച നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രംഗത്തെത്തിയിരുന്നു.

നിന്ന നിൽപ്പിൽ രാഹുൽ നിലപാട് മാറ്റി

രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക് ചേരാത്ത പെരുമാറ്റമാണെന്നാണ് ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തിയത്. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയോഗിച്ചിരുന്നുവെന്നും, എന്നാൽ ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നുവെന്നും സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പ്രസ്താവനകളിൽ മന്ത്രി വ്യക്തമാക്കി. നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചാൽ സമരം അവസാനിപ്പിക്കാമെന്നാണ് രാഹുൽ ഗാന്ധി ആദ്യം ആവശ്യപ്പെട്ടതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിന്റെ ഉയർന്ന ഘടകങ്ങളുമായി സംസാരിച്ച് ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചപ്പോൾ രാഹുൽ ഗാന്ധി പെട്ടെന്ന് നിലപാട് മാറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യം രാഹുൽ മുന്നോട്ടുവെക്കുകയായിരുന്നു. ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി വാക്കുമാറി സംസാരിക്കുന്നത് നിർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പ്രതിഷേധത്തിന് അനുയോജ്യ വേദി പ്രധാനമന്ത്രിയുടെ വസതിയല്ലെന്നടക്കമുള്ള വിമർശനങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരം നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഇതെന്ന് ഓർമ്മിപ്പിച്ചപ്പോൾ 'അത് തന്റെ തീരുമാനമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും മന്ത്രി വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ പൂർണ്ണ സജ്ജമാണെന്നും, എന്നാൽ ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധിയടക്കമുള്ള സമരക്കാരുമായി ചർച്ച നടത്തിയ ജിതേന്ദ്ര സിങ്, എക്സ് പ്ലാറ്റ്ഫോമിൽ രണ്ട് കുറിപ്പുകളിലൂടെയാണ് വിമർശനം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയടക്കം 3 ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്, ദില്ലി പൊലീസിന്‍റെ ബലപ്രയോഗത്തിന് വിമർശനം
'കോൺഗ്രസിൻ്റെ സമരം അപകടകരമായ കീഴ്‌വഴക്കം, വലിയ സുരക്ഷാ ഭീഷണി': കേന്ദ്രസർക്കാർ വൃത്തങ്ങൾ