റഫാൽ കേസിലെ തിരിച്ചടി: കോടതിയിൽ തോൽക്കാത്ത സർക്കാരുകളില്ലെന്ന് ബിജെപി വക്താവ് പി ശിവശങ്കർ

By Web TeamFirst Published Apr 10, 2019, 9:07 PM IST
Highlights

രേഖകൾ ജനങ്ങൾ കാണരുതെന്ന് സർക്കാർ നിലപാട് എടുത്തിട്ടില്ലെന്ന് ശിവശങ്കർ അവകാശപ്പെട്ടു. എന്നാൽ ജനങ്ങൾക്ക് കയറി മേയാനുള്ളതല്ല കോടതികൾ. കോടതിയിൽ തോൽക്കാത്ത സർക്കാരുകളില്ലെന്നും ശിവശങ്കർ പറഞ്ഞു.

തിരുവനന്തപുരം: എല്ലാ സുപ്രധാന ഔദ്യോഗിക രേഖകളും ഏതൊരുത്തനും കയറി നോക്കാമെന്ന് കരുതാനാകില്ലെന്ന് ബിജെപി വക്താവ് പി ശിവശങ്കർ. അത്തരം മാധ്യമ അവകാശവും പൗരാവകാശവും അനുവദിച്ച് കൊടുക്കണമെന്ന് ശത്രുരാജ്യങ്ങൾ പോലും പറയില്ല. റഫാൽ ഇടപാടിൽ ദി ഹിന്ദു പത്രം പുറത്തുവിട്ട രേഖകൾ പരിഗണിക്കാമെന്ന സുപ്രീം കോടതിയുടെ വിധി സംബന്ധിച്ച ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒദ്യോഗിക രേഖകൾ പുറത്തേക്ക് വരരുത് എന്ന് സർക്കാർ നിർബന്ധം പിടിച്ചിട്ടില്ലെന്നും ജനങ്ങൾ കാണരുതെന്ന് നിലപാട് എടുത്തിട്ടില്ലെന്നും ശിവശങ്കർ അവകാശപ്പെട്ടു. എന്നാൽ ജനങ്ങൾക്ക് കയറി മേയാനുള്ളതല്ല കോടതികൾ. പൗരാവകാശത്തിന് പരിധികളുണ്ട്. രേഖകളുടെ മേൽ സർക്കാരിനും ചില അവകാശങ്ങളുണ്ടെന്ന് ശിവശങ്കർ പറഞ്ഞു. കോടതിയിൽ തോൽക്കാത്ത സർക്കാരുകളില്ലെന്നും ശിവശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തു എന്ന് രേഖകളില്ലെന്നും രേഖകളിലുള്ളത് അർദ്ധസത്യങ്ങളാണെന്നും ശിവശങ്കർ അവകാശപ്പെട്ടു. 

എന്നാൽ പരിശോധിക്കരുത് എന്ന് സർക്കാർ പറഞ്ഞ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവിട്ടതിനെപ്പറ്റി ശിവശങ്കർ മറുപടി പറഞ്ഞില്ല. രേഖകളുടെ ഉടമസ്ഥത സംബന്ധിച്ച് സർക്കാർ ഉയർത്തിയ നിലപാടുകൾ അപ്പാടെ കോടതി തള്ളിക്കളഞ്ഞതിനെപ്പറ്റി  ചർച്ചയിൽ ഉയർന്ന ചോദ്യങ്ങൾക്കും ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാനായില്ല. കോടതിയിൽ തോൽക്കാത്ത സർക്കാരുകളില്ലെന്നും ശിവശങ്കർ പറഞ്ഞു.

റഫാൽ ഇടപാട് സംബന്ധിച്ച് 73 ചർച്ചകൾ നടന്നിട്ടുണ്ടെന്നും അതിൽ 53, 20 ചർച്ചകളിൽ ഒരു സെക്രട്ടറി നൽകിയ കുറിപ്പ് മാത്രമാണ് പുറത്തുവന്നതെന്നും ശിവശങ്കർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടൽ നടത്തിയെന്ന രേഖ കോടതിയുടെ മുമ്പിലുണ്ടോ എന്ന് വ്യക്തമല്ലെന്നും ബിജെപി വക്താവ് പറഞ്ഞു.

പൊതുജനതാൽപ്പര്യമാണ് എല്ലാ രഹസ്യരേഖകൾക്കും മുകളിലെന്ന്  ചർച്ച നയിച്ച  ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോൺ പറഞ്ഞു. ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ പേരിലും പുറത്തുവിടാൻ ആകാത്ത സവിശേഷ രേഖകൾ എന്ന പേരിലും സത്യം മൂടി വയ്ക്കാൻ ആകില്ല. പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശമാണ് എല്ലാത്തിനും മുകളിലെന്ന് രാജ്യത്തെ ഓർമ്മിപ്പിച്ച, മാധ്യമങ്ങൾക്ക് കരുത്തുനൽകിയ സുപ്രീം കോടതിയെ അഭിനന്ദിച്ചുകൊണ്ടാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്.

click me!