മോട്ടോർ വാഹന നിയമം: കേന്ദ്ര സര്‍ക്കാര്‍ ഭേദഗതിക്കെതിരെ ബിജെപി ഭരണ സംസ്ഥാനങ്ങള്‍

By Web TeamFirst Published Sep 12, 2019, 10:38 AM IST
Highlights

മഹാരാഷ്ട്രയും ഗോവയും ബീഹാറും പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കർണ്ണാടക പിഴ കുറയ്ക്കും. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു. 

ദില്ലി: മോട്ടോർ വാഹന നിയമഭേദഗതിയി പിഴയ്‍ക്കെതിരെ ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത് വരുന്നത് കേന്ദ്രസർക്കാരിന് തലവേദനയാകുന്നു. സംസ്ഥാനങ്ങൾക്ക് എത്രത്തോളം ഇളവ് നല്കാനാവും എന്നതിൽ കേന്ദ്രം നിയമമന്ത്രാലയത്തിന്‍റെ ഉപദേശം തേടി. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു.

മോട്ടോർ വാഹന നിയമഭേദഗതി ശക്തമായി ന്യായീകരിച്ചാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രംഗത്തുവന്നത്. കേന്ദ്രത്തിന് വരുമാനമുണ്ടാക്കാനല്ല ജനങ്ങളുടെ ജീവൻ രക്ഷിക്കാനെന്ന് ഗഡ്കരി വിശദീകരിക്കുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ ഗഡ്കരിക്കെതിരെ രംഗത്തു വരുന്നു. ഗുജറാത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും ഇന്നലെ പിഴ പകുതിയാക്കി. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, ബീഹാർ എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പിഴ കുറയ്ക്കണം എന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചു. ഉത്തർപ്രദേശ് ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒഡീഷയും മൂന്ന് മാസത്തേക്ക് നിയമം നടപ്പാക്കേണ്ടെന്ന തീരുമാനത്തിലാണ്. പശ്ചിമബംഗാളും മധ്യപ്രദേശും പഞ്ചാബും നിയമം നടപ്പാക്കിയിട്ടില്ല. ദില്ലി സർക്കാരും സ്ഥിതി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി. കേന്ദ്ര നിയമത്തിൽ മാറ്റം വേണമെങ്കിൽ ഇനി നവംബറിൽ പാർലമെൻറ് ചേരണം. സംസ്ഥാനങ്ങൾക്ക് അവരുടെ നിയമം നടപ്പാക്കുമ്പോൾ എത്ര ഇളവ് നല്‍കാം എന്ന കാര്യത്തിൽ നിയമ മന്ത്രാലയത്തിന്‍റെ ഉപദേശം ഗതാഗതമന്ത്രാലയം തേടിയിട്ടുണ്ട്. കേന്ദ്രം പാസ്സാക്കിയ നിയമം നടപ്പാക്കാൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉപദേശിക്കുന്ന രാഷ്ട്രീയ തീരുമാനം ബിജെപി കൈക്കൊള്ളാത്തതും ദുരൂഹമാണ്.

അതേസമയം, കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ  സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈൽ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

click me!