
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭട്‌പര മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപി നേടി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റി ഭരണം ബിജെപി നേടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസത്തിന് ശേഷമാണ് ഈ നേട്ടം ബിജെപി നേടിയത്.
നഗരസഭയിൽ ആകെ 35 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബിജെപി സ്ഥാനാർത്ഥിയായി നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സൗരവ് സിങിന് 26 വോട്ട് ലഭിച്ചു. ബാരക്‌പുറിലെ ബിജെപി എംപി അർജുൻ സിങിന്റെ അനന്തരവനാണ് ഇദ്ദേഹം.
നാല് തവണ തൃണമൂൽ ടിക്കറ്റിൽ നിയമസഭയിലേക്ക് വിജയിച്ച അർജുൻ സിങ് ഇക്കുറി ബിജെപി സ്ഥാനാർത്ഥിയായാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. മുൻപ് ഭട്‌പര മുനിസിപ്പാലിറ്റി ചെയർമാനായിരുന്നു അർജുൻ സിങ്. നോർത്ത് 24 പർഗനാസ് ജില്ലയിൽ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹർ എന്നിവിടങ്ങളിലെ കൗൺസിലർമാരും കൂട്ടമായി ബിജെപിയിലേക്ക് കൂറുമാറിയിട്ടുണ്ട്. ഈ നഗരസഭകളിലും ബിജെപി ഉടൻ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam