
ഇവി രാമസ്വാമി എന്ന പെരിയാറുടെ നാല്പത്താറാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള പരാമർശവുമായി ബിജെപി തമിഴ്‌നാട് ഘടകം. @BJP4TamilNadu എന്ന വെരിഫൈഡ് ട്വിറ്റർ ഹാൻഡിലിൽ നിന്ന് ദ്വയാർത്ഥത്തോടുള്ള ഈ ട്വീറ്റ് പുറത്തുവന്നിരിക്കുന്നത്.
ട്വീറ്റിലെ വരികൾ ഇപ്രകാരമായിരുന്നു.
" ഇന്ന് മണിയമ്മയുടെ 'അച്ഛൻ' പെരിയാറിന്റെ ചരമദിനമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പ്രവർത്തിക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങൾക്ക് വധശിക്ഷ എന്ന നയത്തിന് പിന്തുണയറിയിക്കാനുള്ള ദിവസമാണ് ഇത്. ഇന്നുമുതൽ നമുക്ക് പോക്സോ (POCSO ACT) കുറ്റവാളികൾ ഇല്ലാത്ത ഒരു ലോകം സ്വപ്നം കണ്ടുതുടങ്ങാം "
ട്വീറ്റിലെ ധ്വനി, പെരിയാറും ഭാര്യയും തമ്മിലുള്ള പ്രായവ്യത്യാസമാണ്. എഴുപതാം വയസ്സിൽ പെരിയാർ മണിയമ്മയെ വിവാഹം ചെയ്യുമ്പോൾ അവർക്ക് പ്രായം മുപ്പത്തിരണ്ട് വയസ്സുമാത്രമായിരുന്നു. സ്വന്തം മകളാണ് എന്നും പറഞ്ഞുകൊണ്ട് വർഷങ്ങളോളം കൂടെക്കൊണ്ടുനടന്ന മണിയമ്മയെയാണ് അവസാനം പെരിയാർ കല്യാണം കഴിച്ചത് എന്നാണ് ട്വീറ്റിലെ സൂചന. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയെ തന്റെ വാർദ്ധക്യകാലത്ത് വിവാഹം കഴിച്ച പെരിയാർ തന്നെ ഒരു ശിശുപീഡകനാണ് എന്നാണ് അതിന്റെ ധ്വനി. ഏറെ വിദ്വേഷം തുളുമ്പുന്ന പ്രസ്തുത ട്വീറ്റ് ഇട്ട്, അത് ഡിഎംകെ പക്ഷത്തുനിന്ന് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയപ്പോൾ, ഉടനടി തന്നെ അവർ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ബിജെപിയും പെരിയാറും തമ്മിലുള്ള ശത്രുത ഏറെക്കാലമായി നിലവിലുള്ള ഒന്നാണ്. 2018 -ൽ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടപ്പോൾ അന്ന് സംസ്ഥാനത്തെ ബിജെപി നേതാവായ എച്ച് രാജ, അടുത്ത പെരിയാറിന്റെ പ്രതിമയാണ് തകർക്കപ്പെടാൻ പോകുന്നത് എന്ന് പ്രസ്താവിച്ചത് വൻ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അന്ന് രാജയ്ക്കെതിരെ തെരുവിലിറങ്ങിയ ഡിഎംകെ ആവശ്യപ്പെട്ടത് രാജയെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിൽ അടക്കണം എന്നാണ്. അന്ന് രാജയെ കയ്യൊഴിഞ്ഞുകൊണ്ട് ബിജെപി നേതൃത്വം അത് രാജയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും, പാർട്ടിക്ക് അങ്ങനെ ഒരു അഭിപ്രായമില്ല എന്നും പറഞ്ഞിരിക്കുന്നു.
എന്തായാലും പെരിയാറിന്റെ ചരമവാർഷിക ദിനത്തിൽ തന്നെ, അദ്ദേഹത്തെ വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ചുകൊണ്ടുള്ള ഈ ട്വീറ്റിനെതിരെ തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധമുണ്ട്. ഇതൊക്കെ ബിജെപിക്ക് തമിഴ്‍നാട്ടിൽ വേരുറപ്പിക്കാൻ സാധിക്കാത്തതിന്റെ ഇച്ഛാഭംഗങ്ങളാണ് സൂചിപ്പിക്കുന്നത് എന്നാണ് ഡിഎംകെ വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam