ബിജെപിക്ക് സമയമുണ്ട്, 30 വരെ ഭൂരിപക്ഷം തെളിയിക്കാം, കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിലേക്ക്

By Web TeamFirst Published Nov 23, 2019, 4:11 PM IST
Highlights

കോൺഗ്രസ് എംഎൽഎമാരെ മധ്യപ്രദേശിലെ റിസോർട്ടിലേക്ക് മാറ്റാനാണ് നേതൃത്വം ആലോചിക്കുന്നത്. അതേസമയം, ഒമ്പത് എൻസിപി എംഎൽഎമാരെ ബിജെപി ദില്ലിയിലെത്തിച്ചിട്ടുണ്ട്. 

മുംബൈ: ഭൂരിപക്ഷം തെളിയിച്ച് അധികാരമുറപ്പിക്കാൻ ബിജെപിക്ക് സാവകാശം നൽകി ഗവർണർ ഭഗത് സിംഗ് കോഷിയാരി. സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ച്, ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ്, മുപ്പതാം തീയതി വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസിന് ഗവർണർ സമയം നൽകിയിരിക്കുന്നത്. ഇതിനിടെ സ്വന്തം എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് കൊണ്ടുപോകാതിരിക്കാൻ റിസോർട്ടിലേക്ക് മാറ്റാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. 

ശിവസേനയിലേക്കും, എൻസിപിയിലേക്കും, കോൺഗ്രസിലേക്കും ബിജെപി വല വീശുന്നുണ്ട്. ഇന്ന് വൈകിട്ട് നാല് മണിയോടെ ശരദ് പവാർ സ്വന്തം പാർട്ടി ആസ്ഥാനത്ത് വിളിച്ച് ചേർക്കുന്ന യോഗത്തിൽ എത്ര എംഎൽഎമാർ എത്തുമെന്ന് കണ്ടറിയണം. ആകെ 11 എംഎൽഎമാരാണ് അജിത് പവാറിനൊപ്പം പോയതെന്നാണ് ശരദ് പവാർ പറയുന്നത്. എന്നാൽ ഒമ്പത് എൻസിപി എംഎൽഎമാരെ ബിജെപി ദില്ലിയിൽ എത്തിക്കും. അതിൽ കൂടുതൽ ആരെങ്കിലും പോയോ ബിജെപിയിലേക്ക് എന്ന് വ്യക്തമല്ല. 

35 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് അജിത് പവാർ അവകാശപ്പെട്ടത്. എന്നാൽ പത്ത് പേരുടെ പിന്തുണ മാത്രമേ അജിത് പവാറിന് ഇപ്പോൾ കാണിക്കാൻ ആകുന്നുള്ളൂ. ഒമ്പത് എംഎൽഎമാരെ ദില്ലിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എത്തിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്ന എംഎൽഎമാരുടെ ലിസ്റ്റ്:

മഹാരാഷ്ട്ര കണക്കിലെ കളിയെന്ത്?

സഖ്യത്തിലുറച്ച് നിൽക്കുന്നെന്ന് ശരദ് പവാർ

170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ശരദ് പവാർ - കോൺഗ്രസ് - ശിവസേന സഖ്യം ഇപ്പോഴും അവകാശപ്പെടുന്നത്. മുംബൈയിൽ വിളിച്ച് ചേർത്ത സേന - എൻസിപി - കോൺഗ്രസ് സംയുക്ത വാർത്താ സമ്മേളനത്തിൽ ശരദ് പവാർ അടക്കമുള്ള നേതാക്കളുടെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു താനും. 

എന്നാൽ പുലർച്ചെ ഗവർണറുടെ ഓഫീസിലേക്ക് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്നാണ് സംയുക്ത വാർത്താസമ്മേളനത്തിൽ ശരദ് പവാറിന്‍റെ കൂടെ എത്തിയ ചില എൻസിപി എംഎൽഎമാരെങ്കിലും പറയുന്നത്. ബിജെപിയുമായി ചേർന്നുള്ള ഒരു സർക്കാർ രൂപീകരണത്തിനാണ് വിളിച്ചു കൊണ്ടുപോയതെന്ന് അറിയില്ലായിരുന്നുവെന്ന് അവർ പറയുന്നു. ഇന്നത്തെ യോഗത്തിനെത്തുന്നവർ നാളെ മറുകണ്ടം ചാടുമോ എന്ന ആശങ്കയും എൻസിപിയ്ക്ക് ഉണ്ട്. 

സുപ്രീംകോടതിയിൽ പോകണം, സഹായിക്കാം: കോൺഗ്രസ്

അതിനാലാണ് ഉടൻ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കോൺഗ്രസ് എൻസിപിയോട് പറയുന്നത്. എത്ര എംഎൽഎമാർ ഒപ്പമുണ്ടെന്ന് വ്യക്തമാക്കി, ഇവരുടെ ഒപ്പ് അടക്കം ശേഖരിച്ച ഒരു ഹർജിയുമായി എത്രയും പെട്ടെന്ന് സുപ്രീംകോടതിയിൽ ഹർജി നൽകണം. അങ്ങനെ എംഎൽഎമാരുടെ പിന്തുണ കോടതിയിൽ തെളിയിക്കണം. ഇതിനായി കോൺഗ്രസ് പിന്തുണയ്ക്കും. കോടതിയ്ക്ക് മുന്നിൽ മാത്രമല്ല, ഗവർണർക്ക് മുന്നിലും എംഎൽഎമാരെ അണിനിരത്തണമെന്ന് എൻസിപിയോട് കോൺഗ്രസ് ആവശ്യപ്പെടുന്നു.

അജിത് പവാറിനൊപ്പം രാജ്ഭവനിൽ പോയ എൻസിപി എംഎൽഎ രാജേന്ദ്ര ഷിംഗ്‍നെ ശരദ് പവാറിന്‍റെ ക്യാംപിൽ തിരികെയെത്തിയെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്. ചതിക്കപ്പെട്ടെന്ന് ഷിംഗ്‍നെ പറ‍ഞ്ഞു. സേനയ്ക്ക് ഒപ്പം ഒന്നിച്ച് നിൽക്കുമെന്നും നിലപാടിൽ മാറ്റമില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ അടിയന്തരമായി പുറത്താക്കും. നിയമസഭയിൽ ഇനി ദേവേന്ദ്ര ഫട്‍നവിസ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അത് ഒരു കാരണവശാലും നടക്കില്ല. എംഎൽഎമാർ നേരത്തേ തന്നെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്തിരിക്കാം - എന്ന് ശരദ് പവാർ.

ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം വീണ്ടും എൻസിപി ഉന്നയിക്കുമ്പോഴും, മുന്നണിയ്ക്ക് അകത്ത് തന്നെയുള്ള വിശ്വാസമില്ലായ്മ ഇനി എങ്ങനെ സഖ്യം കൈകാര്യം ചെയ്യുമെന്നത് ശ്രദ്ധേയമാണ്. ശിവസേനയിലെ 17 എംഎൽഎമാർ കോൺഗ്രസും എൻസിപിയുമായി സഖ്യം ചേരരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയെ കാണാനെത്തിയിരുന്നതാണ്. എന്നാൽ ഉദ്ധവ് ഇവരെ കാണാൻ സമയം അനുവദിച്ചില്ല. അതൃപ്തിയോടെയാണ് ഈ 17 എംഎൽഎമാർ മുന്നണിയിൽ തുടരുന്നത്. ഇവരെ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഉറപ്പ്. 

ശരദ് പവാറിനെപ്പോലൊരു രാഷ്ട്രീയ ചാണക്യന്‍റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയും അനിശ്ചിതത്വവുമാണിത്. ഒരു പക്ഷേ, അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയപ്പോരിലും ശക്തമായ രാഷ്ട്രീയപ്പോരാട്ടമാണ് ശരദ് പവാർ കാഴ്ച വച്ചത്. ആ പോരാട്ടം വിഫലമാകുമോ എന്ന് കണ്ടറിയണം. 

click me!