ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘര്‍ഷം; ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Sep 21, 2020, 10:10 AM IST
Highlights

പ്രദേശത്തെ പ്രമുഖ ബിജെപി പ്രവര്‍ത്തകനായ മൊണ്ഡാലിനെ ടിഎംസി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബിജെപി ആരോപിച്ചു. 

കൊല്‍ക്കത്ത:  ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയിലാണ് ഞായറാഴ്ച സംഭവം നടന്നത്. വിശ്വകര്‍മ്മ പൂജയുടെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ക്കിടയിലാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

40കാരനായ ദീപക് മൊണ്ഡാല്‍ ആണ് കൊല്ലപ്പെട്ടത്. നാടന്‍ ബോംബ് പൊട്ടിയാണ് മരണം. സംഭവം സമീപ പ്രദേശങ്ങളെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ആക്രമണസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. പ്രദേശത്തെ പ്രമുഖ ബിജെപി പ്രവര്‍ത്തകനായ മൊണ്ഡാലിനെ ടിഎംസി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. 

കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധിച്ചു. എന്നാല്‍ മൊണ്ഡാല്‍ കയ്യില്‍ കരുതിയ ബോംബ് പൊട്ടിയാണ് മരിച്ചതെന്നാണ് ടിഎംസിയുടെ വാദം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

click me!