'മതേതരത്വത്തിലും സഹിഷ്ണുതയിലും വിശ്വസിക്കുന്നു'; അക്രമത്തിനിരയായ മുസ്ലിം യുവാവിനെ അനുകൂലിച്ച ഗംഭീറിനെതിരെ ബിജെപി

By Web TeamFirst Published May 28, 2019, 1:15 PM IST
Highlights

ഗംഭീറിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഗംഭീറിന്‍റെ ട്വീറ്റ് അനുചിതമായിരന്നുവെന്നാണ് നേതാക്കളുടെ അഭിപ്രായം. 

ദില്ലി: തൊപ്പി ധരിച്ചതിന് മുസ്ലിം യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുസ്ലിം യുവാവിനെ അനുകൂലിച്ച നിയുക്ത എംപി ഗൗതം ഗംഭീറിന് ട്വിറ്ററില്‍ ബിജെപി, സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിമര്‍ശനം.  ഗുരുഗ്രാമില്‍ തൊപ്പി ധരിച്ചതിനെ തുടര്‍ന്ന് ഒരുസംഘമാളുകള്‍ മുസ്ലിം യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ഗൗതം ഗംഭീര്‍ പ്രതികരിച്ചിരുന്നു. സംഭവം ദു:ഖകരമാണെന്നും അധികൃതര്‍ നടപടിയെടുക്കണമെന്നും ഇന്ത്യ മതേതര രാജ്യമാണെന്നുമായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്. 4500ന് മുകളിലാണ് ട്വീറ്റിന് കമന്‍റ് ലഭിച്ചത്. നിങ്ങള്‍ എന്തുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ സെലക്ടീവ് ആകുന്നതെന്ന് കമന്‍റുകളില്‍ ചിലര്‍ ചോദിച്ചു.

മതേതരത്വത്തിലും പ്രധാനമന്ത്രിയുടെ വികസന മുദ്രാവാക്യത്തിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഗംഭീര്‍ വീണ്ടും ട്വിറ്ററിലൂടെ മറുപടി നല്‍കി. ഗുരുഗ്രാം സംഭവത്തില്‍ മാത്രമല്ല, ജാതിയുടെയും മതത്തിന്‍റെയും പേരില്‍ നടക്കുന്ന അത് അക്രമവും അപലപനീയമാണ്. സഹിഷ്ണുതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാണ് ഇന്ത്യയുടെ അടിസ്ഥാനമെന്നും ഗംഭീര്‍ പറഞ്ഞു. കളിയാക്കുന്നതും വിമര്‍ശിക്കുന്നതും തനിയ്ക്ക് പുതിയ കാര്യമല്ലെന്നും ഗംഭീര്‍ ദ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. സത്യം പറയുക എന്നതാണ് കള്ളങ്ങളില്‍ ഒളിക്കുന്നതിലും ഭേദം. എല്ലാവരുടെയും വിശ്വാസം നേടാതെയും സുരക്ഷ ഉറപ്പാക്കാതെയും എങ്ങനെയാണ് ജയിക്കാന്‍ കഴിയുക. ഒരു മതത്തില്‍ വിശ്വസിക്കുന്നതിന്‍റെ പേരില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് തെറ്റാണ്, എന്‍റെ കാഴ്ച്ചപ്പാട് ഗുരുഗ്രാം സംഭവത്തില്‍ മാത്രമല്ല, ആള്‍ക്കൂട്ട മര്‍ദനമുള്‍പ്പെടെ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും ഞാന്‍ എതിരാണെന്നും ഗംഭീര്‍ പറഞ്ഞു. 

ഗംഭീറിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഗംഭീറിന്‍റെ ട്വീറ്റ് അനുചിതമായിരന്നുവെന്നാണ് നേതാക്കളുടെ അഭിപ്രായം. ഗംഭീറിന്‍റെ അഭിപ്രായം തെറ്റാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സംഭവത്തിന് സംഭവത്തിന് മതത്തിന്‍റെ നിറം നല്‍കുകയാണ് ചിലര്‍ ചെയ്തതെന്ന്  ബിജെപി വക്താവ് തേജീന്ദര്‍ പാല്‍ ട്വീറ്റ് ചെയ്തു. 

click me!