
ദില്ലി: യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതേസമയം എട്ട് പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ന് വൈകീട്ട് നാലരയോടെയാണ് ഹാപൂറിലെ ഫാക്ടറി പ്ലാന്റിനകത്ത് അപകടം ഉണ്ടായത്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. നൂറിലേറെ പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്. എട്ട് പേർ മരിച്ചതായി റിപ്പോർട്ടുകൾ തുടക്കത്തിൽ വന്നിരുന്നുവെങ്കിലും ആറ് പേരുടെ മരണമായിരുന്നു ആദ്യ ഘട്ടത്തിൽ സ്ഥിരീകരിച്ചത്. 20 ഓളം പേരെ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്സും പോലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. തീപ്പിടുത്തത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നിർദേശം നല്‍കി.
പെൺകുഞ്ഞിനെ പ്രസവിച്ചില്ല; യുവതിക്ക് ക്രൂര മർദ്ദനം
മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ പെണ്കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ സ്ത്രീക്ക് ക്രൂര മർദ്ദനം. ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ചേർന്നാണ് മർദ്ദിച്ചത്. രണ്ട് സ്ത്രീകൾ ചേർന്ന് ഇവരുടെ മുഖത്തും വയറ്റിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. രണ്ടാമത്തെ കുഞ്ഞും പെണ്ണായതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ കൊടിയ പീഡനത്തിന് ഇരയായെന്ന് സ്ത്രീ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.