ഇന്ത്യ - പാക് ബന്ധം സങ്കീർണമാക്കിയ ഭരണാധികാരി; മുഷറഫിൻ്റെ മൃതദേഹം നാളെ പാകിസ്ഥാനിലെത്തിക്കും

By Web TeamFirst Published Feb 5, 2023, 2:50 PM IST
Highlights

ഇന്ത്യ - പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകളായിരുന്നു മുഷറഫിൻ്റെ അധികാര കാലം

അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. നാളെ പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു പർവേസ് മുഷറഫിൻ്റെ അന്ത്യം. 

ഇന്ത്യ - പാക് ബന്ധം ഏറ്റവും പിന്നോട്ടടിച്ച നാളുകളായിരുന്നു മുഷറഫിന്റെ അധികാര കാലം. അവിഭക്ത ഇന്ത്യയിൽ ജനിച്ച് നാലു വയസു വരെ വളർന്ന മുഷറഫ്  പിൽക്കാലത്ത് പാക് സൈനിക മേധാവിയായപ്പോൾ കാർഗിൽ മലനിരകളിലേക്ക്  നുഴഞ്ഞുകയറാൻ പട്ടാളത്തെ അയക്കുകയായിരുന്നു. 

ദില്ലി ദരിയാഗഞ്ചിലാണ് പർവേസ് മുഷാറഫ് ജനിച്ചത്.  മുഗൾ രാജാവിന്റെ മന്ത്രിമന്ദിരമായിരുന്ന ദരിയാഗഞ്ചിലെ നവർ ഹവേലിയിലായിരുന്നു ബാല്യം. 2001 ൽ ദില്ലിയിലെത്തിയപ്പോൾ മുഷറഫ് ഈ ഹവേലി സന്ദർശിച്ചിരുന്നു. ഇന്ത്യയുമായി പൊക്കിൾകൊടി ബന്ധമുള്ള മുഷ്റഫ് പക്ഷേ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ പാക് ബന്ധം യുദ്ധത്തിലെത്തി. 1999 ൽ വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ സമാധാന ചർച്ചകൾക്ക് തുരങ്കം വെച്ചത് മുഷറഫാണ്.  

ലാഹോറിലേക്ക് ബസ് യാത്രയടക്കം തുടങ്ങി ഇന്ത്യ - പാക് ബന്ധം മുന്നോട്ട് പോകവേ കാർഗിൽ മലനിരകളിലേക്ക് മുഷറഫ് പട്ടാളത്തെ അയച്ചു. സൈനിക മേധാവി പർവേസ് മുഷറഫ് തയാറാക്കിയ ഓപ്പറേഷൻ ബദർ എന്ന പദ്ധതിയാണ് കാർഗിൽ യുദ്ധമായി വളർന്നത്. യുദ്ധത്തിനിടെ ഇന്ത്യൻ സൈനികരെ പാക്സേന വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കി.  രണ്ട് മാസത്തോളം പ്രത്യാക്രമണം നടത്തിയാണ് ഇന്ത്യ 
പാക് സൈന്യത്തെ തുരത്തിയത്. പട്ടാള അട്ടിമറിയിലൂടെ പ്രധാനമന്ത്രിയായ പർവേസ് മുഷറഫ് 2001ജൂലൈയിൽ ആഗ്ര ഉച്ചകോടിയിൽ പങ്കെടുത്ത് സമാധാന ശ്രമങ്ങളുടെ ഭാഗമായെങ്കിലും കാര്യമായ ഫലമുണ്ടായില്ല. 2001 ജൂലൈയിൽ പാക് പിന്തുണയുള്ള  ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. ഇന്ത്യൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഭീകരർക്ക് പരിശീലനം നൽകിയതായി പിൽക്കാലത്ത്  മുഷറഫ്  പരസ്യമായി സമ്മതിച്ചു. ഒസാമ ബിൻലാദനും, ലഷ്കർ ഇ ത്വയ്ബയും ഒരുകാലത്ത് ഞങ്ങൾക്ക് വീരൻമാരായിരുന്നു എന്നും മുഷറഫ് ഒരിക്കൽ പറഞ്ഞു.  
 

click me!