
ദില്ലി: വിദേശിയായി ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും രാജ്യസ്നേഹം ഉണ്ടാകില്ലെന്ന വിമർശനവുമായി ബിജെപി എംഎൽഎ പ്രഗ്യാസിംഗ് താക്കൂർ. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ലക്ഷ്യമാക്കിയാണ് ബിജെപി എംപിയുടെ ഈ വിവാദ പ്രസ്താവന. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാരെ പരോക്ഷമായിട്ടാണ് പ്രഗ്യാ സിംഗിന്റെ വാക്കുകൾ. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും രാജ്യസ്നേഹത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രഗ്യാ സിംഗ് സംസാരിച്ചത്.
'സ്വന്തം മണ്ണിൽ ജനിച്ച മകന് മാത്രമേ ആ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല.' പ്രഗ്യാസിംഗ് താക്കൂർ പറഞ്ഞു. നിങ്ങൾക്ക് രണ്ട് രാജ്യങ്ങളുടെ പൗരത്വം ഉണ്ടെങ്കിൽ എങ്ങനെ രാജ്യസ്നേഹിയാകാൻ സാധിക്കുമെന്നാണ് പ്രഗ്യാ സിംഗിന്റെ ചോദ്യം. രാജ്യസ്നേഹവും ധാർമ്മികതയും ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു.
'കോൺഗ്രസ് അവരിലേക്ക് തന്നെ നോക്കണം. എങ്ങനെ സംസാരിക്കണമെന്ന് അവർക്കറിയില്ല. ധാർമ്മികതയും സദാചാരവും രാജ്യസ്നേഹവും ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടി.' പ്രഗ്യാ സിംഗ് പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കെതിരെ ബിജെപി ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് സോണിയ ഗാന്ധിയുടെ ജന്മസ്ഥലം ഇറ്റലിയാണ് എന്നത്. 'എംപി എന്ന പദവിയെ അപമാനിക്കുകയാണ് പ്രഗ്യാ സിംഗ് ചെയ്തത്. തീവ്രവാദ കേസിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. പ്രഗ്യാസിംഗ് താക്കൂറിന് മാനസിക നില നഷ്ടപ്പെട്ടതായി തോന്നുന്നു. ബിജെപി അവർക്ക് കൃത്യമായ ചികിത്സ നൽകേണ്ടതാവശ്യമാണ്.' മധ്യപ്രേദേശിലെ കോൺഗ്രസ് വക്താവ് ജെപി ധനോപിയ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam