
ചെന്നൈ: മറ്റുള്ളവരോട് സഹായം ചോദിക്കാനുള്ള അമ്മയുടെ വിസമ്മതം നയിച്ചത് ഏഴ് വയസുകാരന്‍റെ മരണത്തിലേക്ക്. ചെന്നൈ തിരുനിന്ദ്രവുരിലാണ് സംഭവം. സാമുവൽ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി ഭർത്താവുമായി അകന്ന് താമസിക്കുന്ന സരസ്വതി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് ബന്ധുക്കൾ പറയുന്നു. മകൻ മരിച്ച ശേഷവും സരസ്വതി വിവരം പുറത്തറിയിച്ചിരുന്നില്ല. മൂന്നു ദിവസത്തോളം മൃതദേഹത്തൊടൊപ്പം കഴിഞ്ഞ അവർ പ്രാണികൾ കയറാതിരിക്കാൻ സാമുവലിന്‍റെ മൃതദേഹം തുടച്ചുവൃത്തിയാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് കാണാനായത് അഴുകിത്തുടങ്ങിയ കുഞ്ഞിന്റെ ശരീരവും അതിനരികിൽ കരഞ്ഞ് തളർന്നിരിക്കുന്ന സരസ്വതിയെയും ആണ്.
"ഞങ്ങൾ ചെന്നപ്പോഴേക്കും അവർ വന്ന് വാതിൽ തുറന്നു. ഞങ്ങളെ മകന്‍റെ ശരീരത്തിനടുത്തേക്ക് എത്തിച്ചു. താൻ മകന്‍റെ അരികിൽ തന്നെയിരിക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ സാമുവലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പട്ടിണി മൂലം മൂന്ന് ദിവസം മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്", പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
സിറ്റിഎച്ച് റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിലാണ് സരസ്വതിയും മകനും കഴിഞ്ഞിരുന്നത്. അമ്മായി അച്ഛൻ അടക്കം ഇവരുടെ ബന്ധുക്കൾ താഴത്തെ നിലയിൽ ഉണ്ടായിരുന്നുവെങ്കിലും ആരുമായും ബന്ധമുണ്ടായിരുന്നില്ല. നാല് മാസത്തിന് മുമ്പ് സരസ്വതിയെയും മകനെയും വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
"ഹോമിയോപ്പതി ചികിത്സ നടത്തിവരികയായിരുന്ന ഇവർക്ക് കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. ലോക്ക്ഡൗൺ അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. മകനെ നോക്കാനുള്ള പണം പോലും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല", പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam