പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

By Web TeamFirst Published Jul 13, 2021, 10:28 AM IST
Highlights

 450 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കഴിവുള്ള മിസൈലിന്റെ പുതിയ വകഭേദത്തിന്‍റെ പരീക്ഷണത്തിനിടയിലാണ് സംഭവം. ടേയ്ക്ക് ഓഫിന് പിന്നാലെ മിസൈല്‍ തകര്‍ന്ന് വീഴുകയായിരുന്നു.

പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. തിങ്കളാഴ്ട ഒഡിഷ തീരത്ത് നടന്ന ടേയ്ക്ക് ഓഫിന് പിന്നാലെയാണ് സംഭവം. 450 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കഴിവുള്ള മിസൈലിന്റെ പുതിയ വകഭേദത്തിന്‍റെ പരീക്ഷണത്തിനിടയിലാണ് സംഭവം. പരീക്ഷണ വിക്ഷേപണത്തിന്‍റെ പരാജയ കാരണങ്ങൾ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ബ്രഹ്മോസ് എയ്‌റോസ്‌പേസ് കോർപ്പറേഷന്റെയും സംയുക്ത സംഘം വിശകലനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

പരീക്ഷണങ്ങളിൽ വളരെ അപൂർവമായി മാത്രം പരാജയപ്പെട്ടിട്ടുള്ള ഒരു മിസൈലാണ് ബ്രഹ്മോസ്. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാവാം വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. പൂര്‍ണമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. മൂന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാനായായിരുന്നു സാധാരണ നിലയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നത്.

നിലവില്‍ സൂപ്പര്‍ സോണിക് സാങ്കേതികത ഉപയോഗിച്ച് അതില്‍ കൂടുതല്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാനാണ് ബ്രഹ്മോസ് ഉപയോഗിച്ച് ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻ‌പി‌ഒ മഷിനോസ്ട്രോയീനിയയും (എൻ‌പി‌എം) സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്വ എന്നീ രണ്ട് നദികളിൽ നിന്നാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ശ്രേണിക്ക് ഈ പേര് ലഭിച്ചത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!