
ഗുജറാത്ത്: ചില ഹിന്ദി സിനിമകളിൽ മാത്രം കണ്ടുവരുന്ന സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയുണ്ടാകും? അത്തരമൊരു യഥാർത്ഥ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വിട്ടുമാറാൻ കഴിയാത്ത അവസ്ഥയിലാണ് കല്യാണത്തിന് ഒരുങ്ങിയ വരനും വധുവും. വിവാഹത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേയാണ് പ്രതിശ്രുത വധുവിന്റെ അമ്മയും വരന്റെ അച്ഛനും കൂടെ ഒളിച്ചോടിയത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി കല്യാണത്തിന് തയ്യാറടുപ്പുകള്‍ നടത്തി മുന്നോട്ടുപോയിരുന്ന യുവതിയും യുവാവും വെട്ടിലായിരിക്കുകയാണ്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് ഇവർ തമ്മിലുള്ള വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇനി കല്യാണം നടക്കുമോ എന്ന ആശങ്കയിലാണ് ഇരുവരും.
വധുവിന്റെ നാൽപത്തിയാറു വയസ്സുള്ള അമ്മയും വരന്റെ നാൽപത്തെട്ട് വയസ്സുള്ള അച്ഛനും തമ്മിൽ ചെറുപ്പം മുതലുണ്ടായിരുന്ന പ്രണയം പുതുക്കിയതാണ് ഒളിച്ചോടലിൽ കലാശിച്ചതെന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. കട്ടർഗാം പ്രദേശത്ത് നിന്നാണ് വരന്റെ അച്ഛനെ കാണാതായിരിക്കുന്നത്. വധുവിന്റെ അമ്മയെ കാണാതായിരിക്കുന്നത് നവ്സരി പ്രദേശത്ത് നിന്നും. ഇവരുവരുടെയും വീട്ടുകാർ ഇവരെ കാൺമാനില്ല എന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ വീട്ടിൽ നിന്ന് കാണാതാകുന്നത്. ഇവർ ഒളിച്ചോടിയതാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും.
വധുവും വരനും കഴിഞ്ഞ ഒരു വര്‍ഷമായി കല്യാണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ടവരാണ് ഇരുവരും. വീട്ടുകാരെ എല്ലാം വിശ്വാസത്തിലെടുത്ത ശേഷമാണ് വിവാഹതീയ്യതി വരെ നിശ്ചയിച്ചത്. ഈസമയത്തെ ഒളിച്ചോടല്‍ ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രതിശ്രുത വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്. വധുവിന്റെ അമ്മയും വരന്റെ അച്ഛനും തമ്മില്‍ ചെറുപ്പകാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam