
അമൃത്സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കടന്നുള്ള നിരവധി കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സർ, ഫിറോസ്പൂർ സെക്ടറുകളിൽ നിന്ന് ഒരു പാകിസ്ഥാൻ ഡ്രോൺ, ആയുധങ്ങൾ, മയക്കുമരുന്നുകൾ എന്നിവ കണ്ടെടുത്തു. രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇവ കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിഎസ്‌എഫ് ജവാൻമാർ ഫിറോസ്പൂർ ജില്ലയിലെ കമൽ വാല ഗ്രാമത്തിനടുത്തുള്ള കാർഷിക മേഖലകളിൽ നടത്തിയ തിരച്ചിലിൽ അതിർത്തി കടന്നുള്ള കള്ളക്കടത്ത് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കരുതുന്ന ഒരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെത്തുകയായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി വേലിക്ക് സമീപമുള്ള കൃഷിയിടത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. ഇതേ ദിവസം രാവിലെ, ഫിറോസ്പൂരിലെ രാജാ റായ് ഗ്രാമത്തിനടുത്തുള്ള കൃഷിയിടങ്ങളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പിസ്റ്റളുകളും ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാമത്തെ സംഭവമുണ്ടായത്. പഞ്ചാബ് സെക്ടറിൽ ബിഎസ്എഫ് നിരീക്ഷണ സംവിധാനങ്ങൾ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അതിവേഗം പ്രതികരിച്ച ബിഎസ്എഫ് ജവാൻമാർ പണ്ടോരി ഗ്രാമത്തിന് സമീപം വിപുലമായ തിരച്ചിൽ നടത്തുകയും 1.664 കിലോഗ്രാം ഭാരമുള്ള ഒരു പാക്കറ്റ് ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അതിർത്തി കടന്നുണ്ടാകുന്ന ഏതൊരു ശ്രമങ്ങളെയും ചെറുക്കാൻ ബിഎസ്എഫ് പൂർണ സജ്ജമാണെന്ന് സേന അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam