
ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച എം.എല്‍.എയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന മോദി സർക്കാരിന് നന്ദി പറഞ്ഞ ബിഎസ്പി എംഎൽഎ രമാബായ് പരിഹാറിനെയാണ് മായാവതി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പാർട്ടി പരിപാടികളിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മായാവതി അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ പതാരിയയിലുള്ള എം.എല്‍.എയാണ് രമാബായ് പരിഹാർ. പൗരത്വ നിയമ ഭേദഗതിയ്ക്ക് രമാഭായ് പിന്തുണ അറിയിച്ചത് മുമ്പ് വിവാദമായിരുന്നു.
''പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന്റെ പേരിൽ മധ്യപ്രദേശിലെ പതാരിയയിൽ നിന്നുള്ള ബഹുജൻ സമാജ് പാർട്ടി എംഎൽഎ രമാഭായ് പരിഹാറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നു. പാർട്ടിയിലെ എല്ലാ പരിപാടികളിൽ നിന്നും വിലക്കിയിരിക്കുന്നു.'' മായാവതി ട്വീറ്റ് ചെയ്തു. മീററ്റിൽ നടന്ന പ്രതിഷേധ സമരത്തിനിടയിൽ മുസ്ലീം പൗരൻമാരോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മായവതി ആവശ്യപ്പെട്ടു. ''വർഷങ്ങളായി ഉത്തർപ്രദേശിലുൾപ്പെടെ, രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങൾ ഇന്ത്യക്കാരാണ്, പാകിസ്ഥാനികളല്ല. അവർക്കെതിരെ സാമുദായിക ഭാഷ ഉപയോഗിക്കുന്നത് തീർത്തും അപലപനീയവും നിർഭാഗ്യകരവുമാണ്.'' മായാവതി മറ്റൊരു ട്വീറ്റിൽ കുറിച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam