മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എല്ലാ അനുമതിയും നൽകി മഹാരാഷ്ട്ര സർക്കാർ 

By Web TeamFirst Published Jul 15, 2022, 5:26 PM IST
Highlights

മഹാരാഷ്ട്രയിൽ പദ്ധതിക്കായി 431 ഹെക്ടർ ആവശ്യമുണ്ട്, എന്നാൽ 72% മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. പ്രതിഷേധം മൂലം സ്ഥലമേറ്റെടുപ്പ് വൈകുകയാണ്.

മുംബൈ: മുംബൈ-അഹമ്മാദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുതിയ മഹാരാഷ്ട്ര സർക്കാർ എല്ലാ അനുമതികളും നൽകി. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള എല്ലാ അനുമതികളും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നൽകിയെന്ന് ക്യാബിനറ്റിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബറോടെ ബികെസിയിൽ ടെർമിനസിന് ആവശ്യമായ സ്ഥലം കൈമാറാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിൽ പദ്ധതിക്കായി 431 ഹെക്ടർ ആവശ്യമുണ്ട്, എന്നാൽ 72% മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. പ്രതിഷേധം മൂലം സ്ഥലമേറ്റെടുപ്പ് വൈകുകയാണ്. പദ്ധതി നടപ്പാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന്റെ (NHSRCL) കൈവശം 39 ശതമാനം ഭൂമി മാത്രമാണുള്ളത്. 

പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള എല്ലാ അനുമതിയും നൽകിയെന്ന് മുഖ്യമന്ത്രി ഷിൻഡെയും അറിയിച്ചു. എംവിഎ ഭരണകാലത്ത് മുടങ്ങിക്കിടന്ന പ്രധാന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ഷിൻഡെ പറഞ്ഞു. കാർഷെഡ് പ്രശ്‌നങ്ങൾ കാരണം മുടങ്ങിയ മെട്രോ 3 പദ്ധതി വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചു. 

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ, 90% ഭൂമിയും കൈവശമില്ലെങ്കിൽ എൻഎച്ച്എസ്ആർസിഎല്ലിന് ടെൻഡറുകൾ നടത്താനാവില്ല. ബി‌കെ‌സിയിലെ ഭൂഗർഭ സ്റ്റേഷനുകളുടെയും കടലിനടിയിലെ തുരങ്കത്തിന്റെയും ടെൻഡറുകൾ റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് എന്ന് ജോലികൾ തുടങ്ങാനാകുമെന്ന് പദ്ധതിയുടെ ഭാ​ഗമായ ജപ്പാൻ ചോദിച്ചിരുന്നെന്ന് എൻഎച്ച്എസ്ആർസിഎൽ  മഹാരാഷ്ട്ര സർക്കാരിനെ ചൂണ്ടിക്കാണിച്ചിരുന്നു. ബികെസിയിലെയും വിക്രോളിയിലെയും ഭൂമി വിട്ടുനൽകിയില്ലെങ്കിൽ ഭൂഗർഭ ടെർമിനസിന്റെയും 21 കിലോമീറ്റർ കടലിനടിയിലെ തുരങ്കത്തിന്റെയും നിർമാണത്തിനുള്ള ബിഡ്ഡുകൾ ഫ്ളോട്ട് ചെയ്യാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.

ബികെസിയിലെ ഭൂമിയേറ്റെടുക്കലിന് 2018 ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചു. വിഖോലിയിൽ ഭൂവിനിയോഗം മാറ്റാനുള്ള നിർദ്ദേശം 2019 ഒക്ടോബറിൽ നഗരവികസന വകുപ്പിന് സമർപ്പിച്ചു. താനെയിലെയും പാൽഘറിലെയും ബാക്കിയുള്ള 135 കിലോമീറ്റർ പിഎഫ് ട്രാക്കുകൾക്ക്, ദുരിതാശ്വാസ, പുനരധിവാസ നഷ്ടപരിഹാരം, ഗ്രാമപഞ്ചായത്ത് അനുമതി എന്നിവയും ആവശ്യമാണ്. ആവശ്യമായ പണം അടച്ചെങ്കിലും ഏകദേശം 95 ഹെക്ടർ വനഭൂമിയും ലഭിച്ചിട്ടില്ല. പാൽഘറിൽ മൊത്തം ആവശ്യമായ 288 ഹെക്ടറിന്റെ 70% ഏറ്റെടുത്തു, താനെയിൽ, ആവശ്യമായ 141 ഹെക്ടറിൽ 78% ഇപ്പോൾ എൻഎച്ച്എസ്ആർസിഎല്ലിന്റെ കൈവശമാണ്. 

click me!