ചെന്നൈയിൽ നിന്ന് സെക്കന്തരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന
ദില്ലി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ രൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഈ ദിവസങ്ങളിൽ ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്താനാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം. ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്. ദില്ലി അടക്കുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് 30 പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു. ചെന്നൈയിൽ നിന്ന് സെക്കന്തരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
വിമാന ടിക്കറ്റ് നിരക്ക് വർധനക്ക് മൂക്കുകയറിട്ട് കേന്ദ്രം
അതിനിടെ ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടു. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം പരിധി നിശ്ചയിച്ചു. നിലവിലുള്ള തടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമായി ഉയർന്ന വിമാന നിരക്കുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്കിടെയാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. നികുതി ഉൾപ്പെടാതെ 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് 7500 രൂപയാണ് നിരക്ക്. 500 മുതൽ 1000 കിലോമീറ്റർ വരെ 12000 രൂപ, 100 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15000, 1500ന് മുകളില്‍ 18,000 എന്നതാണ് നിരക്ക്. ബിസിനസ് ക്ലാസിന് ബാധകമാകില്ല. പ്രതിസന്ധി കഴിയുംവരെയാകും ഈ നിരക്കുകൾ. ടിക്കറ്റു കൾ റദ്ദാക്കിയതിലൂടെയുള്ള റീ ഫണ്ട് നാളെ രാത്രി 8 മണിക്കകം യാത്രക്കാർക്ക് ലഭ്യമാക്കണം. ലഗേജുകൾ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകി. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ ഈ പരിധികൾ പ്രാബല്യത്തിൽ തുടരും. ടിക്കറ്റ് നിരക്ക് നിയന്ത്രണം കൊണ്ടുവന്ന്, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.


