ദില്ലി: മുസ്ലിം സ്ത്രീകൾക്കും ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രചാരണത്തിന് ലക്ഷ്യമിട്ട് നിർമിച്ച ബുള്ളി ബായ് ആപ് നിർമിച്ചയാൾ അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് അറസ്റ്റ്.
ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിംഗ്, ബുധനാഴ്ച പുലർച്ചെയോടെ മായങ്ക് റാവൽ (21) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളുരുവിൽ നിന്നാണ് ചൊവ്വാഴ്ച ബി ടെക് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങൾ കിട്ടിയത്. നേരത്തെ കേസിൽ കേന്ദ്രസർക്കാരിന്‍റെ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികൾ അടക്കം ഇരയായിരുന്നു.
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‍വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വർഷം സുള്ളി ഡീൽസ് എന്ന പേരിൽ ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഇത്തരത്തിൽ സമാന പ്രചാരണം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam