
ദില്ലി: പറഞ്ഞ സമയത്ത് ബംഗ്ലാവിന്‍റെ നിർമ്മാമം പൂർത്തിയാകണം, മനോഹരമാകണം. ഒറ്റക്കാര്യം മാത്രമാണ് ബിസിനസുകാരനായ ഗുർദീപ് ദേവ് ബാത്ത് കോൺട്രാക്ടറായ ജീന്ദർ സിംഗിനോട് പറഞ്ഞത്. ആ വാക്ക് അദ്ദേഹം പാലിച്ചു. ഉടമയുടെ മനസിലെ 'കൊട്ടാരം' ജീന്ദർ സിംഗ് പറഞ്ഞ തീയതിക്കുള്ളിൽ പണിത് നൽകി. ഒൻപത് ഏക്കറിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന തന്‍റെ പുതിയ കൊട്ടാര സദൃശ്യമായ വീട് കണ്ട് ബിസിനസുകാരനായ ഗുർദീപ് ദേവ് ബാത്തിന്‍റെ മനസ് നിറഞ്ഞു. ആ സന്തോഷത്തിൽ കരാറുകാരനായ ജീന്ദർ സിംഗിന് അദ്ദേഹം ഒരു സമ്മാനം നൽകി. ഒരു കോടി രൂപയുടെ റോളക്സ് വാച്ച്!.
റോളക്‌സിന്റെ ഓയ്‌സ്റ്റര്‍ പെര്‍പച്വല്‍ സ്‌കൈ ഡ്വെല്ലര്‍ ആണ് രജീന്ദറിന് ഗുര്‍ദീപ് നല്‍കിയത്. 18 കാരറ്റ് യെല്ലോ ഗോൾഡിൽ രൂപകല്പന ചെയ്ത റോളക്സ് വാച്ച് പ്രേമികളുടെ ഇഷ്ടപ്പെട്ട വാച്ചാണ് ഷാംപെയ്ൻ നിറമുള്ള ഡയലോട് കൂടിയ റോളക്‌സിന്റെ ഓയ്‌സ്റ്റര്‍ സ്‌കൈ ഡ്വെല്ലര്‍. പഞ്ചാബിലെ സിരക്പുറിന് സമീപത്തെ ഒന്‍പതേക്കറിലാണ് ബിസിനസുകാരനായ ഗുര്‍ദീപ് ദേവ് ബാത്തിനായി ആഡംബര ഭവനം നിർമ്മിച്ചത്. കോണ്‍ട്രാക്ടര്‍ രജീന്ദര്‍ സിങ് രൂപ്‌ര വസതി പണിയാനായി 2 വർഷത്തെ സമയമാണ് ചോദിച്ചത്. പറഞ്ഞ തീയതിക്കുള്ളിൽ ഗംഭീരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ബംഗ്ലാവിന്‍റെ ഗുണനിലവാരം, ഫിനിഷിംഗ്, കൃത്യത എന്നിങ്ങനെ വിശ്വസ്തതയോടെയും പ്രതിബദ്ധതയോടെയും നിർമ്മാണം പൂർത്തിയാക്കിയതുകൊണ്ടാണ് രജീന്ദർ സിംഗിന് ഒരു സമ്മാനം നൽകണമെന്ന് തനിക്ക് തോന്നാൻ കാരണമെന്ന് ഗുർദീപ് ദേവ് ബാത്ത് പറഞ്ഞു. ഷാകോട്ട് സ്വദേശിയാണ് രജീന്ദർ ഗുർദീപിന് ദേവിന്‍റെ ആഗ്രഹത്തിനൊത്ത ആഡംഭര ഭവനം പണിയാനായി രണ്ട് വർഷത്തോളമെടുത്തു. വീട് നിർമ്മാണത്തിനായി ഇരുന്നൂറിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരുടെ ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം കൊണ്ടാണ് ആഡംഭര ഭവനം തനിക്ക് കൃത്യ സമയത്ത് പൂർത്തിയാക്കാനായതെന്ന് രജീന്ദർ സിംഗ് പറയുന്നു.
വിശാലമായ സ്ഥലത്ത് മതിലുകളോടു കൂടി നിര്‍മിച്ചിരിക്കുന്ന ഗുര്‍ദേവിന്റെ വീട് ഒറ്റ നോട്ടത്തില്‍ ഒരു കോട്ടയ്ക്ക് സമാനമാണ്. മനോഹരമായ പൂന്തോട്ടം, ലാൻഡ്സ്കേപ്പ്, വിശാലമായ ഹാളുകൾ, പുരാതനമായ സ്റ്റൈൽ, അകത്ത് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഇന്‍റീരിയറുമുള്ള വീട് ഒരു കൊട്ടാരത്തിന് തുല്യമാണെന്ന് ജീന്ദർ സിംഗ് പറഞ്ഞു. തന്‍റെ സത്യസന്ധതയ്ക്കും ആത്മാർത്ഥയ്ക്കുമുള്ള പ്രതിഫലമായി താനിക്ക് ലഭിച്ച സമ്മാനത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam