
ദില്ലി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ വിദ്യർഥികളുടെ ഡേറ്റാബേസുകൾ വാങ്ങുന്നുവെന്നും ഭീഷണി കോളുകൾ ചെയ്യുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. ബാലാവകാശ കമ്മീഷൻ പോലും ഇക്കാര്യത്തിൽ ബൈജൂസിനെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് ബൈജൂസ് അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഡാറ്റാബേസുകൾ വാങ്ങുന്നുവെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിലൂടെ ബൈജൂസ് അറിയിച്ചത്. ഭീഷണി കോളുകളും ചെയ്യാറില്ലെന്നും അവർ വിശദീകരിച്ചു.
വിദ്യാർഥികളുടെ ഡേറ്റാബേസ് ഞങ്ങൾ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ബൈജൂസിന്‍റെ വിശദീകരണം. ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. 150 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുള്ളതിനാൽ, ബാഹ്യ ഡാറ്റാബേസുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ട ആവശ്യം കമ്പനിക്കില്ലെന്നും ബൈജൂസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ കാന്തർ പട്ടികയിൽ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും അതുകൊണ്ടു തന്നെ വിശ്വാസ്യത പ്രധാനമാണെന്ന് അറിയാമെന്നും വാർത്താക്കുറിപ്പിൽ അവർ വിവരിച്ചിട്ടുണ്ട്. ഒരിക്കലും കോൾഡ് കോളുകളോ ഷെഡ്യൂൾ ചെയ്യാത്ത വാക്ക്-ഇൻ സന്ദർശനങ്ങളോ നടത്തുന്നില്ലെന്നും കമ്പനി വിശദീകരിച്ചു.
'കുട്ടികളേയും രക്ഷിതാക്കളേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ
അതേസമയം ഇന്നലെ ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ബാലാവകാശ കമ്മീഷൻ പറഞ്ഞത്. ഭാവി നശിച്ചുപോകും എന്ന് പറഞ്ഞാണ് പലരെയും ഭീഷണിപ്പെടുത്തുന്നതെന്നും വിദ്യാർത്ഥികളെയാണ് ഇങ്ങനെ ബൈജൂസ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും പരാതി ഉയർന്നിട്ടുണ്ടെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും, ആവശ്യമെങ്കിൽ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam