ബം​ഗ്ലാദേശികളെന്ന് മുദ്രകുത്തി നാടുകടത്തി; രണ്ട് കുടുംബങ്ങളെ തിരികെ കൊണ്ടുവരണമെന്ന് കൽക്കട്ട ഹൈക്കോടതി

Published : Sep 26, 2025, 07:08 PM IST
Kolkata High Court

Synopsis

രണ്ട് കുടുംബങ്ങളെ തിരികെ കൊണ്ടുവരണമെന്ന് കൽക്കട്ട ഹൈക്കോടതി. നാടുകടത്തൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെയും ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നിന്ന് രണ്ട് സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ബംഗ്ലാദേശിലേക്ക് നാടുകടത്തിയ കേന്ദ്രസർക്കാർ തീരുമാനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. നാടുകടത്തൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെയും ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി തള്ളി. ബിർഭുമിലെ മുറാറൈയിലെ പൈക്കറിൽ നിന്നുള്ള സോണാലി ബീബിയുടെയും സ്വീറ്റി ബീബിയുടെയും കുടുംബാംഗങ്ങളാണ് ഹർജി സമർപ്പിച്ചത്.

തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും 20 വർഷത്തിലേറെയായി ദില്ലിയിൽ ദിവസ വേതനക്കാരായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹർജിയിൽ പറഞ്ഞു. ജൂൺ 18 ന് ബംഗ്ലാദേശ് പൗരന്മാരാണെന്ന് സംശയിച്ച് ദില്ലി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഒമ്പത് ദിവസത്തിന് ശേഷം ജൂൺ 27 ന് അതിർത്തിക്കപ്പുറത്തേക്ക് നാടുകടത്തി. പിന്നീട് ബംഗ്ലാദേശ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. നാടുകടത്തുമ്പോൾ സോണാലി ഒമ്പത് മാസം ഗർഭിണിയായിരുന്നുവെന്ന് കുടുംബം കോടതിയെ അറിയിച്ചു. കുട്ടി ബംഗ്ലാദേശിൽ ജനിച്ചാൽ കുഞ്ഞിന് പൗരത്വം ലഭിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുവെന്നും ഇവർ അറിയിച്ചു.

ഭൂമി സംബന്ധിച്ച രേഖകൾ, മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും വോട്ടർ ഐഡി കാർഡുകൾ, സർക്കാർ ആശുപത്രികൾ നൽകിയ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ശരിയായ രേഖകൾ കാണിച്ചിട്ടും നാടുകടത്തിയെന്ന് ഇവരുടെ അഭിഭാഷകർ വാദിച്ചു. ദില്ലി ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചതിനാൽ കൽക്കട്ട ഹൈക്കോടതിയിൽ ഹർജി സാധുവല്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. ബംഗ്ലാദേശി അല്ലെങ്കിൽ മ്യാൻമർ പൗരന്മാരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമായി ഉൾപ്പെടുത്തി 2025 മെയ് മാസത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു മെമോ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് പ്രവർത്തിച്ചതെന്നും വാദിച്ചു.

കോടതി ഉത്തരവ് ദരിദ്രരായ ബംഗാളി കുടുംബങ്ങളെ അനധികൃത കുടിയേറ്റക്കാരായി തെറ്റായി മുദ്രകുത്താനുള്ള ബിജെപിയുടെ ശ്രമത്തെ തുറന്നുകാട്ടിയെന്ന് തൃണമൂൽ കോൺഗ്രസ് എംപി സമിറുൾ ഇസ്ലാം പറഞ്ഞു. കോടതി വിധി ബംഗാളിന്റെ വിജയമാണെന്നും എംപി വിശേഷിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി