
കച്ച്: ഗുജറാത്തിലെ അഹമ്മദാബാദ് കച്ചിൽ കാറപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കൾ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തിൽ പെട്ടത്. ഇവർ ഇൻസ്റ്റാഗ്രാമിൽ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ രണ്ടുപേരും മരിച്ചു.
മെയ് 2 ന് പുലർച്ചെ 3.30 നും 4.30 നും ഇടയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് അഹമ്മദാബാദ് സ്വദേശികളായ അമൻ മെഹബൂബ്ഭായ് ഷെയ്ഖ്, ചിരാഗ്കുമാർ കെ പട്ടേൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലൈവിൽ വന്ന് തുടങ്ങുന്ന വീഡിയോയിൽ യുവാക്കളെ കാണാം. പുലർച്ചെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. രാത്രി ചിത്രീകരിച്ചതിനാൽ, ഒരു സെൽഫോൺ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ദൃശ്യങ്ങളിൽ കാറിലെ മറ്റ് യാത്രക്കാരെയും കാണാം.
എന്നാൽ കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. എസ്‌യുവിയുടെ ഓടിച്ചിരുന്ന യുവാവ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വലത്തോട്ടും ഇടത്തോട്ടും വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് ട്രാഫിക്കിലൂടെ മുന്നോട്ട് പോകുന്നതാണ് കാണുന്നത്. എന്നാൽ ഇനിയും സ്പീഡിൽ പോവൂ എന്ന് സുഹൃത്തുക്കൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതിനനുസരിച്ച് വാഹനത്തിന്റെ വേഗത കൂട്ടുകയും ചെയ്തതോടെയാണ് അപകടം ഉണ്ടായത്. മുന്നിലെ വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ സഡൻ ബ്രേക്കിടുന്നതും ഉച്ചത്തിലുള്ള മുഴക്കത്തോടെ പിന്നീട് ആകെ ഇരുട്ടിലാണ് വീഡിയോ അവസാനിക്കുന്നത്.
അപകടത്തിൽ രണ്ട് പേർ മരിക്കുകയും മറ്റ് അഞ്ച് പേർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവർ നിലവിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാതയിൽ അഹമ്മദാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ഗുജറാത്തിലെ അഡാസിന് സമീപം മരത്തിൽ എസ്‌യുവി ഇടിച്ചാണ് അപകടം ഉണ്ടായിട്ടുള്ളത്. അതേസമയം, കാർ ഡ്രൈവർ ഷഹബാദ് ഖാൻ പത്താൻ എന്ന മുസ്തഫയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam