ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പായാൽ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാമോ? ഉത്തരം തേടി സുപ്രീംകോടതി

By Web TeamFirst Published Oct 1, 2022, 9:33 AM IST
Highlights

ലൈംഗീക അധിക്ഷേപക കേസുകളിൽ പലതിലും പരാതിക്കാരും പ്രതികളും തമ്മിൽ ഒത്തുതീര്‍പ്പിൽ എത്തി കേസ് പിൻവലിക്കുന്ന പ്രവണത കാണാറുണ്ട്. 

ദില്ലി:ലൈംഗിക അധിക്ഷേപ കേസുകളിൽ പ്രതിയും അതിജവീതയും തമ്മിൽ ഒത്തുതീര്‍പ്പിൽ എത്തിയാൽ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാനാകുമോ എന്ന നിയമപ്രശ്നത്തിൽ ഉത്തരം കണ്ടെത്താൻ സുപ്രിം കോടതി. ഇക്കാര്യത്തിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി മുൻ കേരള ഹൈക്കോടതി ജഡ്ജി ആർ ബസന്തിനെ നിയമിച്ചു.  ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ജെ.ബി പർദ്ദി വാലി എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് തീരുമാനം. 

സ്‌കൂളിൽ വെച്ച് പതിനഞ്ചുകാരിയെ അധ്യാപകൻ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയിൽ രാജസ്ഥാൻ ഹൈക്കോടതിയിൽ നടന്നു വന്നിരുന്ന ഒരു കേസിൽ പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഒത്തുതീര്‍പ്പിലെത്തുകയും തുടര്‍ന്ന് കേസ് പിൻവലിക്കാൻ ഇരുകൂട്ടരും ചേര്‍ന്ന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഈ കേസിൻ്റെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ നിയമപ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ സുപ്രീംകോടതി തീരുമാനിച്ചത്. 

ലൈംഗീക അധിക്ഷേപക കേസുകളിൽ പലതിലും പരാതിക്കാരും പ്രതികളും തമ്മിൽ ഒത്തുതീര്‍പ്പിൽ എത്തുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. ലൈംഗീക പീഡന, ലൈംഗീക അധിക്ഷേപ കേസുകൾ ഒരു വ്യക്തിക്കെതിരെ മാത്രമല്ല ഒരു സമൂഹത്തിനെതിരെ തന്നെയുള്ള അതിക്രമമായാണ് ഇന്ത്യൻ ശിക്ഷാ നിയമം കാണുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകൾ എങ്ങനെ ഒത്തുതീര്‍പ്പിൻ്റെ അടിസ്ഥാനത്തിൽ മാത്രം പിൻവലിക്കാനാവും എന്ന നിയമപ്രശ്നത്തിനാണ് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. 

ദസറ അവധി: കേസുകൾ തീര്‍ക്കാൻ രാത്രി വരെ കോടതി നടത്തി ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും

ദില്ലി: പതിവ് രീതികൾ വിട്ട് രാത്രി വരെ പ്രവര്‍ത്തിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് ഇന്നലെ രാത്രി 9.10 വരെ സിറ്റിംഗ് നടത്തിയത്. ദസറ ആഘോഷം പ്രമാണിച്ച് അടുത്തയാഴ്ച കോടതി അടച്ചിടുന്ന സാഹചര്യത്തിലാണ് അവസാന പ്രവൃത്തി ദിനത്തിൽ പരമാവധി കേസുകൾ പരിഗണിക്കാൻ ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്ലിയും തീരുമാനിച്ചത്. 

സുപ്രീംകോടതിയുടെ സാധാരണ പ്രവൃത്തി സമയം രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെയാണ്. എന്നാൽ സമയക്രമം മറികടന്നും പരമാവധി കേസുകൾ അവധിക്ക് വയ്ക്കാതെ തീര്‍ക്കാൻ ജഡ്ജിമാര്‍ തീരുമാനിക്കുകയായിരുന്നു. രാത്രി ഒൻപതേ കാലോടെ ലിസ്റ്റ് ചെയ്ത് അവസാന കേസും കേട്ട ജഡ്ജിമാര്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. 

"എല്ലാവർക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. എല്ലാവരേയും ഇന്ന് കേൾക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ക്ഷമയോടെ ഈ സമയമത്രയും പ്രവര്‍ത്തിച്ച കോടതി ജീവനക്കാർക്ക് നന്ദി. ഞങ്ങളുടെ എല്ലാ ജീവനക്കാർക്കും - എല്ലാ പ്യൂൺമാർക്കും, എല്ലാ സ്റ്റാഫുകൾക്കും നന്ദി - കോടതി നടപടികൾ പൂര്‍ത്തിയാക്കി കൊണ്ട് ജഡ്ജിമാര്‍ പറഞ്ഞു. 


 

click me!