
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചതോടെ ഡി.എം.കെ നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ ഭിന്നത രൂക്ഷം. സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ നേതൃത്വവും.
മുന്നണിയിലെ പ്രമുഖ കക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി ഒഴികെ മറ്റൊരു പാർട്ടിക്കും അധിക സീറ്റുകൾ അനുവദിക്കേണ്ടതില്ലെന്നാണ് ഡി.എം.കെ ഹൈക്കമാൻഡ് തീരുമാനം. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിൽ ജനകീയ അടിത്തറ വർദ്ധിപ്പിച്ചത് വി.സി.കെ മാത്രമാണെന്നാണ് ഡി.എം.കെയുടെ വിലയിരുത്തൽ.
കഴിഞ്ഞ തവണ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ സഖ്യകക്ഷിയായ കോൺഗ്രസിന് ഇക്കുറി നൽകാൻ കഴിയില്ലെന്ന് ഡി.എം.കെ വ്യക്തമാക്കി കഴിഞ്ഞു. മുസ്ലിം ലീഗിന്റെ സീറ്റുകളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള മൂന്ന് സീറ്റുകളിൽ നിന്ന് അത് രണ്ടായി കുറച്ചേക്കുമെന്നാണ് സൂചന. രണ്ട് പുതിയ കക്ഷികൾ കൂടി ഇക്കുറി മുന്നണിയുടെ ഭാഗമായിട്ടുണ്ട്. അവർക്കായി പത്തിലേറെ സീറ്റുകൾ നീക്കിവെക്കേണ്ടി വരുന്നത് നിലവിലെ കക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ കാരണമാകും.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സ്റ്റാലിൻ, സ്വന്തം പാർട്ടിയുടെ അംഗബലം കുറയാത്ത രീതിയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ സഖ്യകക്ഷികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam