'ദീദിയില്ലാതെ ജീവിക്കാനാകില്ല, എന്നെ തിരിച്ചെടുക്കണം'; തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ വനിതാ നേതാവ്

By Web TeamFirst Published May 22, 2021, 7:48 PM IST
Highlights

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത് വൈകാരികമായ തീരുമാനമായിരുന്നെന്നും അതില്‍ മാപ്പ് ചോദിക്കുന്നെന്നും സോണാലി പറഞ്ഞു. ട്വിറ്ററിലും അവര്‍ കത്ത് പങ്കുവെച്ചു.
 

കൊല്‍ക്കത്ത: ദീദി(മമതാ ബാനര്‍ജി) ഇല്ലാതെ ജീവിക്കാനാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയും ചെയ്ത സോണാലി ഗുഹ. തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത് വൈകാരികമായ തീരുമാനമായിരുന്നെന്നും അതില്‍ മാപ്പ് ചോദിക്കുന്നെന്നും സോണാലി പറഞ്ഞു. ട്വിറ്ററിലും അവര്‍ കത്ത് പങ്കുവെച്ചു.

തകര്‍ന്ന ഹൃദയവുമായാണ് കത്തെഴുതുന്നതെന്നും ബിജെപിയില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. 'ഒരു മത്സ്യത്തിന് വെള്ളമില്ലാതെ ജീവിക്കാനാകില്ല. അതുപോലെ ദീദിയില്ലാതെ തനിക്കും ജീവിക്കാനാകില്ല. എന്നോട് പൊറുക്കണം, ഇല്ലെങ്കില്‍ തനിക്ക് ജീവിക്കാനാകില്ല. തന്നെ തിരിച്ചുവരാന്‍ അനുവദിക്കണം. നിങ്ങളുടെ സ്‌നേഹത്തില്‍ എന്റെ ബാക്കി ജീവിതം ജീവിക്കണം'- സോണാലി ഗുഹ കത്തില്‍ പറയുന്നു. 

നാല് തവണ എംഎല്‍എയായിരുന്ന സോണാലി തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാത്തതോടെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി വിട്ടത്. വൈകാരികമായി പ്രതികരിച്ചായിരുന്നു അവരുടെ രാജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ബിജെപിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. 

ബിജെപി അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് സോണാലി ഇപ്പോള്‍ പറയുന്നു. അവിടെ തന്നെ വേണ്ടാത്തതുപോലെ തോന്നുന്നു. മമതക്കെതിരെ മോശം കാര്യങ്ങള്‍ പറയാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ താനത് ചെയ്തില്ലെന്നും സോണാലി പറഞ്ഞു. മമതയെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും മുന്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അവര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!