കൊവിഡ് 19: കൊറോണ ബാധിച്ചാണ് മരിച്ചതെന്ന അഭ്യൂഹം പ്രചരിപ്പിച്ചു; ബിജെപി നേതാവിനെതിരെ കേസ്

By Web TeamFirst Published Apr 17, 2020, 10:23 AM IST
Highlights

രണ്ടു പേർ മരിച്ചത് കൊറോണ വൈറസ് ബാധ മൂലമാണെന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അധികൃതർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു സോഷ്യൽ മീഡിയ വഴി സുഭാഷ് സർക്കാർ ആരോപിച്ചത്. 
 

ബങ്കുര: മൃതദേഹങ്ങൾ സംസ്കരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച ബിജെപി എംപി സുഭാഷ് സർക്കാരിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് നേതാവ് ജയദീപ് ചതോപാധ്യായ ബങ്കുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൻമേലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രണ്ടു പേർ മരിച്ചത് കൊറോണ വൈറസ് ബാധ മൂലമാണെന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ അധികൃതർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു സോഷ്യൽ മീഡിയ വഴി സുഭാഷ് സർക്കാർ ആരോപിച്ചത്. 

'അദ്ദേഹം ഒരു ഡോക്ടറാണ്. യാതൊരു വിധ റിപ്പോർട്ടുകളും കാണാതെ (മരണപ്പെട്ട രണ്ട് വ്യക്തികളുടെ) സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ നിർഭാ​ഗ്യകരമാണ്.' ടിഎംസി നേതാവ് പറഞ്ഞു. അതേ സമയം പരിശോധനാഫലം പുറത്തു വരാതെ എങ്ങനെയാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയുക എന്നായിരുന്നു ബിജെപി നേതാവിന്റെ മറുചോദ്യം. സർക്കാർ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഏപ്രിൽ 12 അർദ്ധരാത്രിയോടെ അധികൃതർ മറവ് ചെയ്തിരുന്നു. കൊറോണ വൈറസ് മൂലമാണ് ഇവർ മരിച്ചതെന്ന് ചിലർ വാർത്ത പ്രചരിപ്പിച്ചിരുന്നു. 

click me!