
ദില്ലി: റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘർഷത്തിൽ കർഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കിസാൻ മോർച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒൻപത് പേർക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ബൽബിർ സിങ്ങ് രാജ്വൽ, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.
ട്രാക്ടർ റാല് നടത്താൻ വിവിധ നിബന്ധനകൾ ദില്ലി പൊലീസ് മുന്നോട്ട് വച്ചിരുന്നു. ഇതു കർഷക സംഘടനാ നേതാക്കൾ അംഗീകരിച്ചതിനാലാണ് ട്രാക്ടർ പരേഡിന് അനുമതി നൽകിയത്. പൊലീസ് നിബന്ധനകൾ മറികടന്ന് സംഘർഷമുണ്ടാക്കിയതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിനുള്ളിലും അതിർത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
റിപ്ബ്ലിക്ക് ദിനത്തിലെ സുരക്ഷ വീഴ്ച്ചയും പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സംഘർഷവും ദില്ലി പൊലീസിന് തിരിച്ചടിയായിരുന്നു. സംഘർഷം മുൻകൂട്ടി കാണുന്നതിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ വീഴ്ച്ച പറ്റിയെന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി ശക്തമാക്കുന്നത്. സംഘർവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് ഔട്ടർ ജില്ലയിലാണ്, അഞ്ച കേസുകൾ. ഐടിഓ സംഘർഷത്തിൽ മരിച്ച് ഉത്തർപ്രദേശ് സ്വദേശി നവറീത് സിങ്ങ് ഉൾപ്പെടെയൂള്ള പ്രതിഷേധക്കാർക്കെതിരെ കലാപം ഉൾപ്പെടെ പതിമൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ്.
സെൻട്രൽ ജില്ല അഡീഷണൽ ഡിസിപിയെ വാൾ കൊണ്ട് ആക്രമിച്ചതിന് സിഖ്പ്രചാരകരായ നിഹാംഗുകൾക്കെതിരെയും കേസുണ്ട്. ചെങ്കോട്ടയിൽ കൊടി ഉയർത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തൻതരൻ സ്വദേശി ജുഗുരാജ് സിങ്ങാണ് അതിക്രമിച്ച് കടന്ന് കൊടി നാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ട്രാക്ടർ മാർച്ചിനിടെ ഏഴിടങ്ങളിൽ സംഘർഷം നടന്നെന്നാണ് പൊലീസ് റിപ്പോർട്ട്. 300 ലേറെ പൊലീസുകാർക്ക് പരിക്കേറ്റു. സംഘർഷസാധ്യത കണക്കിലെടുത്ത് ദില്ലിയിലും അതിർത്തി മേഖലകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 150 കമ്പനി കേന്ദ്രസേനയെ വിവിധയിടങ്ങളിൽ വിന്യസിച്ചു. ശാന്തിപഥ് ഉൾപ്പെടെ പ്രധാനമേഖലകളിൽ ഗതാഗതനിയന്ത്രണമുണ്ട്. ഇവിടെ പരിശോധനകൾക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. ചെങ്കോട്ടയിലെ മെട്രോ സറ്റേഷൻ താൽകാലികമായി അടച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam