
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തതിനെ തുടർന്ന് മധ്യപ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിതു പട്‍വാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ ചിത്രം പോസ്റ്റ് ചെയ്തത് വഴി ജിതു പട്‍വാരി ഹൈന്ദവരുടെ മതവികാരം വ്രണപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ മാന്യതയ്ക്ക് കളങ്കമേൽപിക്കുകയും ചെയ്തു എന്ന് ബിജെപി ആരോപിക്കുന്നു. ആഗസ്റ്റ് 5 ന് നടന്ന അയോധ്യ ഭൂമിപൂജാ ചടങ്ങിൽ മോദി മാസ്ക് ധരിച്ച് കയ്യിലൊരു പാത്രവുമായി നിൽക്കുന്ന ചിത്രമാണ് ജിതു പട്‍വാരി പോസ്റ്റ് ചെയ്തത്.
'രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ, വ്യവസായവും വരുമാനവും, കർഷകരുടെ സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സാമ്പത്തിക തകർച്ച, തൊഴിലാളികളും അവരുടെ പോരാട്ടവും. ഇതൊന്നും ടെലിവിഷൻ സംവാദത്തിനുള്ള വിഷയങ്ങളല്ല. (ഞങ്ങൾ) ഈ പാത്രവുമായി നടക്കും.' ചിത്രത്തിനൊപ്പം പട്‍വാരി ഹിന്ദിയിൽ കുറിച്ചിരിക്കുന്നു. ബിജെപി നേതാവ് ഗൗരവ് രൺദിവിന്റെ പരാതിയിൻമേലാണ് നടപടി. ഛാത്രിപുര പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ഐപിസി 188, 464 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പട്‍വാരിയുടെ ട്വീറ്റിന് താഴെ ഇൻഡോർ ലോക്സഭാ എംപി ശങ്കർ ലാൽവാനിയും മറ്റ് പ്രാദേശിക നേതാക്കളും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ മാന്യതയ്ക്ക് മാത്രമല്ല, ഹൈന്ദവരുടെ മതവികാരം വ്രണപ്പെടുത്തുക കൂടിയാണ് ഇദ്ദേഹം ചെയ്തതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam