
ദില്ലി: പരീക്ഷ ക്രമക്കേടില്‍ പ്രതിഷധിച്ച വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി സി ജെ പി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് സി ജെ പി മുന്നറിയിപ്പ് നല്‍കി. ദില്ലിയിൽ നടന്ന സി ജെ പി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാർഥികള്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നുവെന്നാണ് പരാതി. അസം, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലാണ് കൂടുതലായും പൊലീസ് നടപടി തുടരുന്നത്. ബിഹാറില്‍ തേജ് പ്രതാപ് യാദവടക്കമുള്ള നേതാക്കള്‍ ജയിലിലുമാണ്. സമരക്കാര്‍ക്കെതിരെ ദില്ലിയിലോ പുറത്തോ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ഉറപ്പ്. ഇതാണ് ലംഘിക്കപ്പെടുന്നത്. എഫ് ഐ ആറുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടു. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് സി ജെ പി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സില്‍ പ്രതികരിച്ചു. രേഖാമൂലമുള്ള ഉറപ്പ് നാളെ സര്‍ക്കാര്‍ നല്‍കാനിരിക്കേയാണ്, പറഞ്ഞതല്ല നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നത്. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ അതിശക്തമായ പ്രതിഷേധം തുടങ്ങുമെന്നാണ് സി ജെ പി നേതാക്കൾ നൽകുന്ന മുന്നറിയിപ്പ്.
അതേസമയം സി ജെ പിയുടെ ഭാവി പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ഉടനില്ലെന്നാണ് സൂചന. തത്കാലം രാജ്യത്തെ യുവാക്കളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. പഞ്ചാബിലുയരുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ ഇടപടാന്‍ വലിയ തോതിൽ ആലോചനയുണ്ട്. സംസ്ഥാനങ്ങളില്‍ യൂണിറ്റുകൾ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. കലാലായങ്ങളിലും സി ജെ പി യൂണിറ്റുകൾ വൈകാതെ തന്നെ സജ്ജമാക്കും.
സി ജെ പിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ഇന്ന് രംഗത്തെത്തി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സി ജെ പിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സി ആർ പി എഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam