
ദില്ലി: രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. 2024 ല്‍ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിദിൻ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
അതേസമയം പ്രതിപക്ഷത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടുവെന്നും വിയോജിപ്പുകള്‍ പരസ്പരം ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് പ്രതിപക്ഷ പാർട്ടികള്‍ മുന്നോട്ട് പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു പാർട്ടിക്കെതിരെയല്ല , ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലും ട്വിറ്ററും അടക്കം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നെന്നും ഇതെല്ലാം കണക്കിലെടുത്താണ് ഭാരത് ജോഡോ എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു, മരണം കൊച്ചി വയോജന കേന്ദ്രത്തില്‍
വനിത സംവരണം ബിജെപിക്ക് വേണമെങ്കില്‍ ഇന്ന് തന്നെ യാഥാർത്യമാക്കാമെന്നും പക്ഷെ ബിജെപി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ആർഎസ്എസ് അവരുടെ പദവികളില്‍ സ്ത്രീകള്‍ വരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയമാണ് മണിപ്പൂരിനെ തകർത്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഭാരതാക്കാനാണ് പ്രത്യേക സമ്മേളനത്തിലൂടെ ബിജെപി തയ്യാറെടുത്തതെന്നും രാഹുൽ കൂട്ടിചേർത്തു. അസമിലെ എഐയുഡിഎഫുമായി സഖ്യമില്ലെന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള ഭാരത് ജോഡോ യാത്രയെ കുറിച്ച് ഇപ്പോള്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും ഒരു ദിവസം രാവിലെ എഴുന്നേറ്റ് യാത്ര പോകാം എന്ന് വിചാരിച്ചാല്‍ നടക്കുന്നതല്ല ഭാരത് ജോഡോ യാത്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam