കാവേരി നദീജല തര്‍ക്കം; നാളെ കര്‍ണാടകയില്‍ ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ, അതീവ ജാഗ്രത

Published : Sep 28, 2023, 07:56 PM ISTUpdated : Sep 28, 2023, 08:27 PM IST
കാവേരി നദീജല തര്‍ക്കം; നാളെ കര്‍ണാടകയില്‍ ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ, അതീവ ജാഗ്രത

Synopsis

നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു

ബെംഗളൂരു: ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കന്നട അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് നാളെ നടക്കാനിരിക്കെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി പൊലീസ്. ബെംഗളൂരുവില്‍ ബന്ദ് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പറഞ്ഞു. ഇന്ന് അര്‍ധരാത്രി മുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ 24 മണിക്കൂറായിരിക്കും ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. നഗരത്തില്‍ പ്രതിഷേധ റാലിയോ മറ്റു പ്രതിഷേധ പരിപാടികളോ അനുവദിക്കില്ല. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കാനും പാടില്ല. പ്രതിഷേധക്കാര്‍ക്ക് ഫ്രീഡം പാര്‍ക്കില്‍ ധര്‍ണ്ണ നടത്താം.

ബന്ദ് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ബന്ദ് പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുന്നതിനെയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ദയാനന്ദ പറഞ്ഞു. ബന്ദിന് ആഹ്വാനം ചെയ്യുന്നവര്‍ അതെതുടര്‍ന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാരിനോ പൗരന്മാര്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിത്വമുണ്ടെന്നും ദയാനന്ദ കൂട്ടിചേര്‍ത്തു. സംസ്ഥാന വ്യാപകമായുള്ള ബന്ദായതിനാല്‍ തന്നെ ബെംഗളൂരുവിന് പുറമെ മറ്റു ജില്ലകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.  

സംസ്ഥാനത്ത് എല്ലാജില്ലകളിലും അധികമായി പൊലീസ് സേനയെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കാവേരി നദീയൊഴുകുന്ന ജില്ലകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു, കുടക്, മാണ്ഡ്യ, ചാമരാജ്നഗര്‍, രാമനഗര തുടങ്ങിയ ജില്ലകളിലാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും വടക്കന്‍ കര്‍ണാടകയിലും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 1900ലധികം കന്നട അനുകൂല സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. വട്ടല്‍ നാഗരാജിന്‍റെ നേതൃത്വത്തില്‍ കന്നട അനുകൂല സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ടയാണ് ബന്ദ് നടത്തുന്നത്.  ബെളഗാവി മുതല്‍ ബിദര്‍ വരെയും ചാമരാജ് നഗര്‍ മുതല്‍ മംഗളൂരുവരെയും സംസ്ഥാന വ്യാപകമായി ശക്തമായ രീതിയില്‍ തന്നെ ബന്ദ് നടത്തുമെന്ന് വട്ടല്‍ നാഗരാജ് പറഞ്ഞു. ബന്ദിന്‍റെ അന്ന് അനുമതിയില്ലെങ്കിലും ടൗണ്‍ ഹാളില്‍നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് റാലി നടത്തുമെന്നും പൊലീസ് തടഞ്ഞാലും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വട്ടല്‍ നാഗരാജ് പറഞ്ഞു.

ബന്ദിനെതുടര്‍ന്ന് സ്കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിക്കണമെന്ന് ജില്ല ഭരണകൂടങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്കൂള്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡി. ശശികുമാര്‍ പറഞ്ഞു. പ്രാദേശിക തലതത്തില്‍ സാഹചര്യം വിലയിരുത്തി അതാത് സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ശശികുമാര്‍ പറഞ്ഞു. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ചൊവ്വാഴ്ച ബന്ദ് നടത്തിയിരുന്നു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണക്കാതെയാണ് കന്നട അനുകൂല സംഘടനകള്‍ സ്വന്തം നിലയില്‍ സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തത്. ഒല-ഉബര്‍ ടാക്സി സര്‍വീസുകള്‍ ഉള്‍പ്പെടെ നാളത്തെ ബന്ദിന് പിന്തുണക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബസ് സര്‍വീസുകളും ബെംഗളൂരു മെട്രോ ട്രെയിന്‍ സര്‍വീസും പതിവുപോലെ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കന്നട അനുകൂല സംഘടന പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയാനുള്ള സാധ്യത മുന്നില്‍ കണ്ട് ബെംഗളൂരുവിലും മറ്റു ജില്ലകളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വീണ്ടും സമരം ശക്തമാവുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു