ടിആർപി കേസിൽ വഴിത്തിരിവ്: അന്വേഷണം ഏറ്റെടുത്ത് സിബിഐ, നടപടി യുപി സർക്കാരിൻ്റെ ശുപാർശയിൽ

By Web TeamFirst Published Oct 20, 2020, 7:41 PM IST
Highlights

 ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് യുപി പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നുവെന്നാണ് വിവരം. 

മുംബൈ: മാധ്യമലോകത്ത് കോളിളക്കം സൃഷ്ടിച്ച ടിആർപി റേറ്റിംഗ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിൽ മുംബൈ പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐയുടെ വരവ്. ഉത്തർപ്രദേശ് സർക്കാരിൻ്റെ ശുപാർശയിലാണ് കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നത്. 

 ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് യുപി പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നുവെന്നാണ് വിവരം. ടിആർപി തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള റിപബ്ളിക് ടിവി കേസിൽ നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിൽ മുംബൈ പൊലീസ് തങ്ങളെ ലക്ഷ്യമിട്ട് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആരോപണം. 

ടിആ‍ർപിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് യുപി സ‍ർക്കാരിന്റെ ശുപാ‍ർശയിൽ സിബിഐ അന്വേഷണം ഏറ്റെടുത്തത്. നടൻ സുശാന്ത് സിം​ഗ് രാജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാ‍ർത്തകളുടെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് റിപ്പബ്ളിക് ടിവിയിലെത്തിയതെന്നാണ് നേരത്തെ മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നത്. 

ബാർക് റേറ്റിംഗിൽ മുന്നിലെത്താൻ റിപ്പബ്ളിക് ടിവിയടക്കം മൂന്ന് മാധ്യമങ്ങൾ കൃതിമം നടത്തിയെന്നായിരുന്നു മുംബൈ പൊലീസിൻ്റെ കണ്ടെത്തൽ. വൈകാതെ സംഭവം മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന- കോൺ​ഗ്രസ് സഖ്യവും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരുന്നു. 

click me!