ശാരദാ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിന് സിബിഐയുടെ സമൻസ്

By Web TeamFirst Published May 26, 2019, 8:33 PM IST
Highlights

കേസിൽ അന്വേഷണവുമായി സഹകരിക്കാൻ രാജീവ് കുമാർ തയ്യാറാകണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും സിബിഐ അറിയിച്ചു. 

കൊൽകത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ  കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിന് സിബിഐ സമൻസ് നൽകി.  കൊൽ ത്തയിലെത്തിയാണ് സിബിഐ സമൻസ് നൽകിയത്. 

 കേസിൽ അന്വേഷണവുമായി സഹകരിക്കാൻ രാജീവ് കുമാർ തയ്യാറാകണമെന്ന് സിബിഐ സംഘം ആവശ്യപ്പെട്ടു. നാളെ സിബിഐക്ക് മുമ്പാകെ രാജീവ് കുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും സിബിഐ അറിയിച്ചു. 

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജീവ് കുമാര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ ഐപിഎസ് ഓഫിസറായ രാജീവ്കുമാറിനെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാകരുത് സിബിഐ നടപടികളെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

നേരത്തെ രാജീവ് കുമാറിനെ സിബിഐ വേട്ടയാടുന്നുവെന്നാരോപിച്ച് മമതാബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിന്‍റെ വീട് റെയ്ഡ് ചെയ്യാനുള്ള ശ്രമത്തെ പൊലീസിനെ ഉപയോഗിച്ച് തടയുകയും കേന്ദ്രസര്‍ക്കാറിനെതിരെ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.  

click me!