
ദില്ലി: മലയാളിയായ പ്രവാസി വ്യവസായി സിസി തമ്പി, റോബർട്ട് വദ്രയുടെ ബിനാമിയായിരുന്നുവെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം. ഒഎൻജിസി അഴിമതി കേസിൽ ഇന്ന് രാവിലെ എൻഫോഴ്സ്മെന്റ് വിഭാഗം തമ്പിയെ അറസ്റ്റ് ചെയ്തിരുന്നു.
ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം തമ്പിക്ക് കൈമാറിയെന്നാണ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബർട്ട് വദ്ര ഉപയോഗിച്ചിരുന്നുവെന്നും എൻഫോഴ്സ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. തമ്പി കെട്ടിടം വാങ്ങാൻ കടലാസ് കമ്പനി രൂപീകരിച്ചെന്നും എൻഫോഴ്സ്മെന്റ് പറയുന്നു.
ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഓഫീസിൽ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
ഇന്നലെ രാത്രിയാണ് തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്‍റെ പേരിൽ മുൻപും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.
അതീവ രഹസ്യമായിരുന്നു സി സി തമ്പിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച്ച ദില്ലിയിൽ വിളിച്ചുവരുത്തിയ തമ്പിയെ കസ്റ്റഡിയിലെടുക്കുന്നതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി തമ്പിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
അറസ്റ് ചെയ്ത മൂന്നാം ദിവസമാണ് വിവരം മാധ്യമങ്ങളെ അറിയിക്കുന്നത്. റോബർട്ട് വദ്രക്കായി വിദേശസാമ്പത്തിക ഇടപാടുകളിൽ തമ്പി ബിനാമിയായി പ്രവർത്തിച്ചെന്നാണ് ഇഡിയുടെ ആരോപണം. ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വദ്രയ്ക്ക് വേണ്ടി ദുബായിൽ വീട് വാങ്ങാൻ ശ്രമിച്ചു. തമ്പിയുടെ കമ്പനിയുടെ പേരിലായിരുന്നു ഇടപാടിന് ശ്രമിച്ചത്. ഇത് പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇടപാടിനു ശ്രമിച്ചതിൻറെ തെളിവുണ്ട്.
ഒൻജിസിയുടെ പ്രത്യേക സാമ്പത്തിക മേഖല കരാർ സാംസങ് കമ്പനിക്ക് നല്കാൻ ഭണ്ഡാരി ഇടനിലക്കാരനായിരുന്നു. ഈ ഇടപാടിൻറെ ഭാഗമായി വദ്രയ്ക്ക് കെട്ടിടം വാങ്ങി നല്കാനായിരുന്നു ഭണ്ഡാരി ശ്രമിച്ചത്. തമ്പി രൂപീകരിച്ച കടലാസ് കമ്പനിയുടെ പേരിലായിരുന്നു ദുബായിൽ ഇടപാടിന് ശ്രമിച്ചത്. പിന്നീട് ലണ്ടനിൽ 26 കോടിയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി തമ്പിക്ക് കൈമാറി. തമ്പിയെ ബിനാമിയാക്കി വധ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കുന്നു. കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്. തമ്പിയുടെ അറസ്റ്റിൽ ഇതുവരെ റോബർട്ട് വദ്ര പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam