
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ജിം ട്രെയിനറും ചേർന്ന് ഗൂഢാലോചന നടത്തിയ സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഒക്ടോബർ 26-ന് രാവിലെ വസുന്ധരയിലെ വാടകവീട്ടിൽ വെച്ച് ശശാങ്ക് കാന്താരിയ എന്നയാൾക്കാണ് ക്രൂരമായി കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശശാങ്കിന്റെ ഭാര്യ പ്രിയ ശർമ്മ, ഇവരുടെ ജിം ട്രെയിനറായ പ്രതാപ് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 26-ന് രാവിലെ 5:17ന് പ്രിയ വസുന്ധര സെക്ടർ-1 ലുള്ള ജാഗ്രതി റെസിഡന്റ് വെൽഫെയർ അസോസിയേഷൻ സൊസൈറ്റിയിലെ വീട്ടിൽ നിന്ന് കാറിൽ പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രിയ പോയി മൂന്ന് മിനിറ്റിന് ശേഷം, 5:20 ഓടെ പ്രതാപ് സിംഗ് ഈ സൊസൈറ്റിയിലൂടെ ഓടി ഇവരുടെ വീട്ടിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ശശാങ്കിനെ പ്രതാപ് 12 തവണ കുത്തിപ്പരിക്കേൽപ്പിച്ചു.
അതിക്രമത്തിനിടെ ശശാങ്കിന്റെ നിലവിളിയും ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടിയുടെ കരച്ചിലും കേട്ട് അയൽവാസികൾ ഓടിയെത്തി. രാവിലെ 5:23 ഓടെ പ്രതാപ് വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ഇയാളുടെ കൈയിൽ രണ്ട് കത്തികൾ ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികളും സെക്യൂരിറ്റി ഗാർഡും രണ്ട് ബൈക്ക് യാത്രക്കാരും ചേർന്ന് സൊസൈറ്റിയുടെ മെയിൻ ഗേറ്റിൽ വെച്ച് പ്രതാപിനെ തടഞ്ഞുവെച്ച് പിടികൂടി. തുടർന്ന് 20 മിനിറ്റിന് ശേഷമാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശശാങ്കിനെ അയൽവാസികൾ കണ്ടെത്തുന്നത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപരിചിതർക്ക് പ്രവേശനത്തിന് റസിഡന്റ്സിന്റെ അനുമതി ആവശ്യമുള്ള സൊസൈറ്റിയാണിത്. പ്രിയയുടെ സഹായത്തോടെയാണ് പ്രതാപ് അകത്ത് കടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതാപിന് എളുപ്പത്തിൽ വീട്ടിനുള്ളിൽ കടക്കാനായി പ്രിയ വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ല. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ ശശാങ്കും പ്രിയയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവർക്കും സർക്കാർ ജോലിയുണ്ടായിരുന്നു. 'ഫിറ്റ്നസ് ഹെഡ്ക്വാർട്ടേഴ്സ്' എന്ന ജിമ്മിൽ കഴിഞ്ഞ 7-8 മാസമായി പ്രിയ പോകുന്നുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പ്രതാപ് സിംഗുമായി അടുപ്പത്തിലാകുന്നതും വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയക്കുന്നതും. പ്രതാപും പ്രിയയും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ പൊലീസ് കണ്ടെത്തി.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് ശശാങ്ക് അറിഞ്ഞതോടെ, ദീപാവലിക്ക് ശേഷം പുതിയ സ്ഥലത്തേക്ക് താമസം മാറാൻ പദ്ധതിയിട്ടിരുന്നു. ഇതോടെയാണ് ശശാങ്കിനെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടത്. ഒക്ടോബർ 25-ന് രാവിലെ റണ്ണിംഗിനിടെയാണ് ഇരുവരും ചേർന്ന് വധശ്രമം ആസൂത്രണം ചെയ്തത്. ശശാങ്കിന്റെ തലയിലും കഴുത്തിലും തോളിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റതായി സഹോദരൻ റിതേഷ് കാന്താരിയ പറഞ്ഞു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റതിനെ തുടർന്ന് ശശാങ്കിന്റെ ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam