മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവെ; എല്ലാ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും

By Web TeamFirst Published Jan 1, 2020, 10:20 AM IST
Highlights

ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാനാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും വികെ യാദവ് കൂട്ടിച്ചേർത്തു.

ദില്ലി: 2022 ഓടു കൂടി എല്ലാ റെയിൽവെ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവെ. കുറ്റവാളികളുടെ മുഖം തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു.

സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി നിർഭയ ഫണ്ടിന്റെ കീഴിൽ റെയിൽ‌വേയ്ക്ക് 500 കോടി രൂപ ലഭിച്ചു. 6,100 സ്റ്റേഷനുകളിലും 58,600 കോച്ചുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപ റെയിൽ‌വെ അനുവദിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകളെന്നും യാദവ് വിശദീകരിക്കുന്നു. ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാനാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!