
ദില്ലി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദി സര്‍ക്കാരിന്‍റെ വിശ്വസ്തനായ ഉദ്യോഗസ്ഥന് കാലാവധി നീട്ടി നല്‍കിയത്.
ഈ മാസം 18-നായിരുന്നു മിശ്ര സർവ്വീസിൽ നിന്നും വിരമിക്കേണ്ടിയിരുന്നത്. കേന്ദ്ര സര്‍ക്കാരില്‍ അഡീഷണൽ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണൽ സെക്രട്ടറി റാങ്ക് നല്‍കുന്നതിന്‍റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. ഇതാദ്യമായാണ് ഇഡി ഡയറക്ടര്‍ക്ക് കാലാവധി നീട്ടി നല്‍കുന്നത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഡയറക്ടർ ജനറൽ ബാലേഷ് കുമാർ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി എസ് എം സഹായ്, മുംബൈയിലെ ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ അമിത് ജെയിൻ എന്നിവരെ ഇഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോഴന്വേഷിക്കുന്ന കേസുകളുടെ രാഷ്ട്രീയ പ്രാധാന്യം കൂടി കണക്കിലെടുത്ത് മിശ്ര തുടരട്ടെ എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് സൂചനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam