പെട്രോൾ ഡീസൽ വിലയിൽ വൻ കൊള്ള; നികുതി കൂട്ടി കേന്ദ്രം ലാഭം കൊയ്യുന്നു

By Web TeamFirst Published Oct 15, 2020, 4:49 PM IST
Highlights

പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതിയും സെസും കുത്തനെ കൂട്ടി അഞ്ച് മാസത്തിന് ശേഷവും കുറക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിലകൂടില്ലെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും പെട്രോളിന് അഞ്ച് മാസത്തിൽ പത്ത് രൂപയിലധികം കൂടി.

ദില്ലി: പെട്രോൾ ഉപഭോഗം ലോക്ക് ഡൗണിന്  മുമ്പത്തെ കണക്കുകളിലേക്ക് തിരിച്ചെത്തുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ കൊയ്യുന്നത് വൻ ലാഭം. പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതിയും സെസും കുത്തനെ കൂട്ടി അഞ്ച് മാസത്തിന് ശേഷവും കുറക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിലകൂടില്ലെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും പെട്രോളിന് അഞ്ച് മാസത്തിൽ പത്ത് രൂപയിലധികം കൂടി.

പെട്രോൾ ഡീസൽ നികുതികൾ ഒറ്റയടിക്ക് കൂട്ടാൻ സര്‍ക്കാര്‍ തീരുമാനിച്ചത് മെയ് 6നാണ്. പെട്രോളിന്‍റെ എക്സൈസ് തീരുവയും സെസും ചേര്‍ത്ത് 11 രൂപ 77 പൈസയാണ് അന്ന് കൂട്ടിയത്. ഡീസലിന് 13 രൂപ 47 പൈസ. കൊവിഡ് കാലത്ത് മറ്റ് വരുമാനം ഇടിഞ്ഞതോടെയാണ് പെട്രോൾ ഡീസൽ നികുതി കൂട്ടി ലാഭം കൊയ്യാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 30 ഡോളര്‍. നികുതി കൂട്ടിയത് വില കൂടാൻ ഇടയാക്കില്ലെന്നും അന്താരാഷ്ട്ര രംഗത്തെ ക്രൂഡ് ഓയിൽ വിലയുടെ ഉയര്‍ച്ച താഴ്ചകൾക്ക് അനുസരിച്ച് കമ്പനികൾ ഇതിൽ മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാൽ ഇന്നത്തെ കണക്കുകൾ പരിശോധിക്കാം.

ക്രൂഡ് ഓയിൽ ഇന്ന് ബാരലിന് 40 ഡോളര്‍. മെയ് 6ന് 71 രൂപയുണ്ടായിരുന്ന പെട്രോൾ ഇന്ന് ലിറ്ററിന് 81 രൂപ. അതായത് അന്താരാഷ്ട്ര രംഗത്ത് വന്ന ചെറിയ വ്യത്യാസം പോലും ഉപഭോക്താവിൽ നിന്ന് കമ്പനികൾ ഈടാക്കുന്നു. നികുതി അതേപടി നിലനിര്‍ത്തി വൻ ലാഭം സര്‍ക്കാര്‍ കൊയ്യുന്നു. ലോക് ഡൗണ്‍ കാലത്ത് പെട്രോളിന് ആവശ്യക്കാര്‍ പകുതിയിലധികം ഇടിഞ്ഞപ്പോഴാണ് നികുതി കൂട്ടിയത്. ഇന്ന് ഉപഭോഗം പഴയനിരക്കിലേക്ക് എത്തുമ്പോൾ ലാഭവും ഇരട്ടിയാകുന്നു. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ് ഈടാക്കിയാണ് കേന്ദ്രം ഇപ്പോൾ പണം കണ്ടെത്തുന്നത്. സംസ്ഥാനങ്ങളാകട്ടെ കേന്ദ്ര വിലക്ക് അനുസരിച്ച് മൂല്യവര്‍ദ്ധിത നികുതി കൂട്ടിയും ലാഭം കൊയ്യുന്നു.

click me!