കൊവിഡ് നിയന്ത്രണവിധേയമാക്കണം; ദില്ലിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നു, ഉദ്യോ​ഗസ്ഥരെയും വിട്ടുനൽകും

By Web TeamFirst Published Jun 14, 2020, 2:24 PM IST
Highlights

സ്വകാര്യ ആശുപത്രികളിൽ 60 ശതമാനം കൊവിഡ് കിടക്കകളിൽ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കും. ഇരുപതിനായിരം കിടക്കകൾ കൂടി തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇടപെടും.
 

ദില്ലി: ദില്ലിയിൽ കൊവിഡ് നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍  വിളിച്ച ഉന്നതതല യോഗത്തിലാണ് കേന്ദ്രസർക്കാർ ദില്ലിയിൽ ഇടപെടുമെന്ന കാര്യത്തിൽ ധാരണയായത്. 

500 റെയിൽവേ കോച്ചുകൾ താൽക്കാലിക ആശുപത്രികളാക്കാൻ നൽകുമെന്ന് യോ​ഗത്തിൽ ധാരണയായി. കേന്ദ്രസർക്കാരിന്റെ അഞ്ച് ഉദ്യോ​ഗസ്ഥരുടെ സേവനം ഇതിനായി വിട്ടു നൽകും. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനം കൊവിഡ് കിടക്കകളിൽ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കും. ഇരുപതിനായിരം കിടക്കകൾ കൂടി തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇടപെടും.

വീടുവീടാന്തരം കയറിയുള്ള നിരീക്ഷണം നടത്തും.  കൊവിഡ് പരിശോധന ഇരട്ടിയാക്കാനും ധാരണയായി. ആറു ദിവസത്തിനു ശേഷം പരിശോധന മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ അറിയിച്ചു. 

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നു.  ദില്ലിയിൽ കൊവിഡ് കേസുകൾ 38,958 ആയി ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നത്. രോഗബാധിതരിൽ 22, 742 പേരും നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ പകുതിയിൽ കൂടുതലും രോഗമുക്തി നേടാത്ത അസാധാരണ സാഹചര്യമാണ് ദില്ലിയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം 44ൽ നിന്ന് 36 ശതമാനമായി കുറഞ്ഞത് കൊവിഡ് വ്യാപനം ഗുരുതരമായ നിലയിലെത്തി എന്നതിൻ്റെ സൂചനയാണ്. 

Read Also: കൊവിഡ് പിടിയിൽ ദില്ലി: അടിയന്തര പരിഹാരം വേണമെന്ന് പ്രധാനമന്ത്രി, 20,000 കിടക്കകൾ ഉടൻ സജ്ജമാക്കും...
 

click me!