വാക്സിനേഷന്‍ പുരോഗതി വിലയിരുത്തി കേന്ദ്രം; 'വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കണം'

By Web TeamFirst Published May 26, 2021, 11:24 AM IST
Highlights

കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വാക്സിനേഷന്‍ അതിവേഗത്തിലാക്കുവാന്‍ കോവിന്‍ ആപ്ലിക്കേഷന്‍റെ എല്ലാ സാധ്യതകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപയോഗിക്കണമെന്ന് യോഗത്തില്‍ കേന്ദ്രം നിര്‍ദേശിച്ചു. 

ദില്ലി: സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ വാക്സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം. നിലവില്‍ ദേശീയ ശരാശരി 6.3 ആണ്. സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കുന്ന നിരക്ക് 1 ശതമാനമായി കുറയ്ക്കണം. നിലവില്‍ ജാര്‍ഖണ്ഡ് 37.3 ശതമാനം, ചത്തീസ്ഗഢ് 30.2 ശതമാനം, തമിഴ്നാട് 15.5 ശതമാനം, ജമ്മു കശ്മീര്‍ 10.8 ശതമാനം, മധ്യപ്രദേശ് 10.7 ശതമാനം ദേശീയ വാക്സിന്‍ പാഴാക്കല്‍ നിരക്കിനേക്കാള്‍ കൂടിയ നിരക്കിലാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വാക്സിനേഷന്‍ അതിവേഗത്തിലാക്കുവാന്‍ കോവിന്‍ ആപ്ലിക്കേഷന്‍റെ എല്ലാ സാധ്യതകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപയോഗിക്കണമെന്ന് യോഗത്തില്‍ കേന്ദ്രം നിര്‍ദേശിച്ചു. കൊവിന്‍ പ്ലാറ്റ്ഫോമില്‍ സ്പുട്നിക്ക് വാക്സിന്‍ ലഭ്യത അടക്കം ഉള്‍പ്പെടുത്തിയുള്ള നവീകരണം നടത്തിയിട്ടുണ്ട്.  സംസ്ഥാനത്തിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍,വാക്സിനേഷനുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. വാക്സിനേഷന്‍ പദ്ധതി വേഗത്തിലാക്കാനും, കൊവിഡ് വാക്സിനേഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താനുമാണ് യോഗം ചേര്‍ന്നത്.

കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ വാക്സിനുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ തീര്‍ന്ന ആവസ്ഥയിലാണ്, പുതിയ സ്റ്റോക്ക് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജൂണ്‍ അവസാനത്തിനുള്ളില്‍ നല്‍കുമെന്നാണ് കേന്ദ്രം യോഗത്തെ അറിയിച്ചത്. ഒപ്പം തന്നെ സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങുന്ന വാക്സിനുകള്‍ ഉറപ്പുവരുത്താന്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി സംസ്ഥാനതലത്തില്‍ പ്രത്യേക സംഘങ്ങള്‍ ഉണ്ടാക്കി നിരന്തരം ബന്ധപ്പെടണം എന്നാണ് യോഗത്തില്‍ കേന്ദ്രം നിര്‍ദേശിച്ചത്. 

ഇതുവരെ രാജ്യത്ത്  19,85,38,999 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകള്‍. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിനേഷന്‍ പുരോഗതികള്‍ യോഗം വിലയിരുത്തി. മുന്‍ഗണന വിഭാഗങ്ങളുടെ വാക്സിനേഷനില്‍ ഇപ്പോഴും കാര്യമായ പുരോഗതി കൈവരിക്കാത്ത സംസ്ഥാനങ്ങളില്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. വാക്സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യമേഖലയുടെ പിന്തുണ കൂടുതലായി സംസ്ഥാനങ്ങള്‍ തേടണമെന്നും കേന്ദ്രം യോഗത്തില്‍ നിര്‍ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!