സ്റ്റേഷനുകളിൽ മെട്രോ കൂടുതൽ നേരം നിർത്തും, പുതുക്കിയ മെട്രോ മാർഗനിർദേശങ്ങൾ ഇങ്ങനെ

By Web TeamFirst Published Sep 2, 2020, 7:26 PM IST
Highlights

മാർച്ച് മുതൽ രാജ്യത്ത് മെട്രോ സർവീസുകൾ മുടങ്ങിക്കിടക്കുകയാണ്. സെപ്റ്റംബർ 7 മുതൽ മെട്രോ വീണ്ടും തുടങ്ങുമ്പോൾ പാലിക്കാൻ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കുകയാണ്. 

ദില്ലി: രാജ്യത്ത് സെപ്റ്റംബർ 7 മുതൽ മെട്രോ സേവനങ്ങൾ തുടങ്ങും. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേകമാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒന്നിലധികം ലൈനുകളുള്ള വലിയ മെട്രോ സേവനങ്ങൾ ഓരോ ലൈനുകളായി ഘട്ടംഘട്ടമായി മാത്രമേ സേവനം തുടങ്ങാവൂ. സെപ്റ്റംബർ 12 ആകുമ്പോഴേക്ക് എല്ലാ ലൈനുകളും പ്രവർത്തനസജ്ജമാകുന്ന തരത്തിലാകണം സേവനങ്ങൾ സജ്ജീകരിക്കേണ്ടത് എന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നു. 

കണ്ടെയ്ൻമെന്‍റ് സോണുകളിലുള്ള മെട്രോ സ്റ്റേഷനുകൾ അടഞ്ഞുതന്നെ കിടക്കും. അൺലോക്ക് 4 മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ SOP കേന്ദ്രസർക്കാർ പുറത്തിറക്കുന്നത്. രാജ്യത്തെ 15 മെട്രോ റെയിൽ കോർപ്പറേഷൻ എംഡിമാരുമായി ചർച്ച നടത്തിയ ശേഷമാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം പുതിയ മാർഗരേഖ തയ്യാറാക്കിയത്. 

ആദ്യദിവസങ്ങളിൽ സർവീസ് മണിക്കൂറുകൾ കുറച്ചുമതി. പിന്നീട്, ഘട്ടം ഘട്ടമായി സെപ്റ്റംബർ 12 ആകുമ്പോഴേക്ക് മാത്രമേ മുഴുവൻ സർവീസുകളും തുടങ്ങാവൂ. സ്റ്റേഷനിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തിൽ സർവീസ് സമയം തീരുമാനിക്കണം. സ്റ്റേഷനുകളിൽ സജ്ജീകരണവും ഒരുക്കണം. സമൂഹ അകലം പാലിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കൂടുതൽ സമയം മെട്രോ സ്റ്റേഷനിൽ നിർത്തണം - മാർഗനിർദേശരേഖയിൽ പറയുന്നു.

സമൂഹ അകലം ഉറപ്പാക്കാൻ മെട്രോ സ്റ്റേഷനുകളിൽ ആളുകൾക്ക് നിൽക്കാൻ പ്രത്യേക ഇടങ്ങൾ ഒരുക്കണം. അവ കൃത്യമായി അടയാളപ്പെടുത്തണം. മാസ്ക് നിർബന്ധമാണ്. പുറത്ത് മാസ്കുകൾ വിതരണം ചെയ്യണമെങ്കിൽ അതിന് മെട്രോ റയിൽ കോർപ്പറേഷൻ സജ്ജീകരണങ്ങൾ ഒരുക്കണം. 

രോഗലക്ഷണങ്ങളുള്ള ആളുകളെ ഒരു കാരണവശാലും സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കരുത്. തെർമൽ സ്ക്രീനിംഗ് സ്റ്റേഷന് പുറത്ത് നടത്തണം. എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ അവരെ തൊട്ടടുത്ത കൊവിഡ് കെയർ സെന്‍ററിലേക്കോ ആശുപത്രിയിലേക്കോ ടെസ്റ്റിംഗിനോ ചികിത്സയ്ക്കോ ആയി മാറ്റണം. ആരോഗ്യസേതു ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം - എന്ന് മാർഗരേഖ. 

സ്റ്റേഷനുകളുടെ പുറത്ത് സാനിറ്റൈസറുകൾ വയ്ക്കണം. ടിക്കറ്റെടുക്കാൻ സ്മാർട്ട് കാർഡുകൾ ഉപയോഗിക്കണമെന്നത് പരമാവധി പ്രോത്സാഹിപ്പിക്കണം. ടോക്കണെടുക്കുകയാണെങ്കിൽ സാനിറ്റൈസ് ചെയ്ത ശേഷം മാത്രമേ പാടുള്ളൂ. 

എസിയുടെ താപനില പരമാവധി കൂട്ടും. വെന്‍റിലേഷൻ സംവിധാനം വഴി പരമാവധി വായു പുറത്തേക്കും അകത്തേക്കും വരുന്നത് ഉറപ്പാക്കും. ഇതിനായി CPWD, Indian Society Of Heating, Refrigerating and Air Conditioning Engineers (ISRAE) എന്നിവർ നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ ഉറപ്പാക്കണം. മെട്രോ കോർപ്പറേഷനുകൾ പൊലീസിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കണം - മാ‍ർഗരേഖ നിർദേശിക്കുന്നു.

അതേസമയം, മഹാരാഷ്ട്ര ഇപ്പോൾ മെട്രോ സേവനം തുടങ്ങേണ്ട എന്നാണ് തീരുമാനിച്ചത്. ഒക്ടോബറിൽ മാത്രമേ മുംബൈ ലൈൻ 1, മഹാമെട്രോ സേവനങ്ങൾ തുടങ്ങൂ എന്നും സംസ്ഥാനസർക്കാർ അറിയിച്ചു. 

click me!