കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

By Web TeamFirst Published Feb 6, 2021, 6:49 AM IST
Highlights

അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള നിർദ്ദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കി. 

അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിർദ്ദേശം നൽകി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തർ പ്രദേശിലെ ഷാമിലിയിൽ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേർന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകർ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിർത്തികളിൽ സുരക്ഷ കൂട്ടി. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!