ഗുലാബ് ചുഴലിക്കാറ്റ് ഷഹീനായി അറബിക്കടലില്‍ രൂപം പ്രാപിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

By Web TeamFirst Published Sep 28, 2021, 11:10 AM IST
Highlights

ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.
 

ദില്ലി: ബംഗാള്‍ (Bay of Bengal) ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് (gulab) ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ (Arabian sea) പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍(Shaheen) ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി(IMD) മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. 

ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി. 

അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. 2018ലും സമാനമായി ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. അന്ന് ഗജ ചുഴലിക്കാറ്റാണ് ദുര്‍ബലമായി മറ്റൊരു ന്യൂനമര്‍ദ്ദമായി മാറിയത്.
 

click me!