11 മണിക്കൂർ ചോദ്യംചെയ്യൽ, 'വാട്സ്ആപ്പ് ചാറ്റിലും' ചോദ്യങ്ങൾ, സഹകരിക്കാതെ നായിഡു; കോടതിയിൽ ഹാജരാക്കും

Published : Sep 10, 2023, 06:34 AM ISTUpdated : Sep 11, 2023, 09:22 AM IST
11 മണിക്കൂർ ചോദ്യംചെയ്യൽ, 'വാട്സ്ആപ്പ് ചാറ്റിലും' ചോദ്യങ്ങൾ, സഹകരിക്കാതെ നായിഡു; കോടതിയിൽ ഹാജരാക്കും

Synopsis

11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന്  സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു

ഹൈദരബാദ് : 371 കോടിയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ തെലുഗ് ദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു.11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. നായിഡുവിന്റെ പിഎ പെൻദ്യല ശ്രീനിവാസും ഷെൽ കമ്പനി പ്രതിനിധികൾ എന്ന് സംശയിക്കപ്പെടുന്നവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടി ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫയൽ കുറിപ്പിനെക്കുറിച്ചും ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും, ഇല്ല, അറിയില്ല, ഓർമയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടികൾ. 

നായിഡുവിനെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. വിജയവാഡ സർക്കാർ ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചിരിക്കുന്നത്. അല്പസമയത്തിനകം നായിഡുവിനെ കോടതിയിൽ ഹാജരാക്കും. വിജയവാഡ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് 3 കോടതിക്ക്  മുൻപാകെയാണ് ഹാജരാക്കുക.  നായിഡുവിന് വേണ്ടി ഹൗസ് പെറ്റിഷനുമായി കോടതിയിൽ ഹാജരാക്കാൻ വൈകുന്നതിന് എതിരെ അഭിഭാഷകർ മജിസ്ട്രെറ്റിന്റെ വസതിയിൽ എത്തിയെങ്കിലും പൊലീസ് അകത്തേക്ക് കടത്തി വിട്ടിരുന്നില്ല. പ്രമുഖ അഭിഭാഷകൻ സിദ്ധാർഥ് ലുത്രയാണ് കോടതിയിൽ ഇപ്പോൾ നായിഡുവിന് വേണ്ടി ഹാജരാകുക. ഇതിനായി ലുത്രയെ ഇന്നലെ വൈകിട്ട് തന്നെ ദില്ലിയിൽ നിന്ന് വിളിച്ചു വരുത്തിയിരുന്നു. 

ഇന്നലെയാണ് ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ ആന്ധ്രാ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. സ്കിൽ ഡെവലെപ്മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ഒരു അഴിമതിക്കേസിലാണ് നായിഡുവിനെ ആന്ധ്രാ പോലീസിന്റെ സിഐഡി സംഘം അറസ്റ്റ് ചെയ്തത്. 2021-ൽ രജിസ്റ്റർ ചെയ്ത കേസിൽ, നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല എന്ന് കാട്ടിയാണ് സിഐഡി സംഘം നായിഡുവിനെ അറസ്റ്റ് ചെയ്യാൻ എത്തിയത്. ആന്ധ്രയിലെ നന്ത്യാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടയിൽ വിശ്രമിക്കവേയായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്. 

കാർ തടഞ്ഞു, നടന്നുപോയപ്പോഴും തടഞ്ഞു, ഒടുവിൽ റോഡിൽ കിടന്നു; പവൻ കല്യാൺ കസ്റ്റഡിയിൽ

2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കേ, 3360 കോടി രൂപ വകയിരുത്തി തുടങ്ങിയ സ്കിൽ ഡെവലപ്മെന്റ് പദ്ധതിയ്ക്ക് വേണ്ടി 371 കോടി രൂപ കൃത്യം പഠനമോ ടെണ്ടറോ ഇല്ലാതെ സീമൻസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്ക് മറിച്ചു നൽകിയെന്നതാണ് കേസ്. ആരോപണവിധേയരായ കമ്പനി ഈ പണം പദ്ധതി നടത്തിപ്പിന് ഉപയോഗിക്കാതെ, വിദേശത്തെ ഷെൽ കമ്പനികളിലേക്ക് മറിച്ച് കടത്തിയതിലും അന്വേഷണം നടക്കുകയാണ്. ചീഫ് സെക്രട്ടറി അടക്കം ഈ കരാറിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട രേഖകൾ കാണാനില്ലെന്നും സിഐഡി അടുത്തിടെ കണ്ടെത്തിയിരുന്നു. അനുഭവപരിചയമില്ലാത്ത കമ്പനിക്ക് ഇത്ര വലിയ തുകയുടെ വൻ പദ്ധതി നൽകിയതിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നായിഡുവിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടക്കം പങ്കുണ്ടെന്നാണ് ആരോപണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും